ഒടുവില്‍ കെപിഎസി ലളിത പിന്മാറി;വടക്കാഞ്ചേരിയിലെ പ്രതിഷേധം ഫലം കണ്ടു:സേവ്യര്‍ ചിറ്റിലപ്പിള്ളി സ്ഥാനാര്‍ത്ഥിയായേക്കും

 

തൃശൂര്‍: പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ സിപിഎമ്മിന്റെ ശത്രുക്കളാണെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറിയേറ്റില്‍ ആവര്‍ത്തിച്ചത്. പക്ഷെ ഈ പറയുന്ന പാര്‍ട്ടി ശത്രുക്കളുടെ പ്രതിഷേധത്തില്‍ സ്ഥാനാര്‍ത്ഥികളുടെ മുട്ടുവിറയ്ക്കുന്നു എന്നതാണ് സത്യം. അത് കൊണ്ട് തന്നെയാണ് വടക്കഞ്ചേരി മണ്ഡലത്തില്‍ നിന്ന് കെപിഎസി ലളിത പിന്മാറിയതും. പ്രതിഷേധം കടുത്തതോടെ ലളിതയെ മാറ്റാന്‍ സിപിഎമ്മും ആലോചിച്ചിരുന്നു. അതിനിടയില്‍ മറ്റ് മണ്ഡലങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധം പടര്‍ന്നതാണ് തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണം, പക്ഷെ കെപിഎസി ലളിത തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ സിപിഎമ്മിനും ആശ്വസമായിരിക്കുകയാണ്. ഇതോട പ്രവര്‍ത്തകരുടെ ആവശ്യമനുസരിച്ച് സേവ്യര്‍ ചിറ്റിലപ്പിള്ളി സ്ഥാനാര്‍ത്ഥിയാകും.

സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു ലളിതയെ വടക്കാഞ്ചേരിയില്‍ പരിഗണിച്ചത്. എന്നാല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നേതൃത്വത്തിന് തിരിച്ചടിയാകുകയും ചെയ്തു. ഇന്നലെ വൈകുന്നേരം വരെ മത്സര രംഗത്തുണ്ടാകുമെന്ന് ഉറച്ച നിലപാടിലായിരുന്നു ലളിത. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ ലളിത മുംബൈയില്‍ ഒരു പരിപാടിയിലായിരുന്നു ലളിത. സിപിഐ(എം) നേതാക്കള്‍ മത്സരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അതിന് അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥിനും മകള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് അനുകൂലമായ നിലപാടായിരുന്നില്ല. വിജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റില്‍ മത്സരിക്കുന്നത് കഠിനമായിരിക്കും എന്ന കാര്യമാണ് മക്കള്‍ ചൂണ്ടിക്കാട്ടിയത്. ഇതിനിടെയാണ് പ്രതിഷേധങ്ങളും ഉയര്‍ന്നത്. ഇതോടെ ലളിതയ്ക്കും മത്സരിക്കുന്ന കാര്യത്തില്‍ രണ്ട് മനസായി.
എന്നാല്‍, തുടക്കത്തിലെ എതിര്‍പ്പ് മറികടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയോടെയാണ് ലളിത ഇന്നലെ വടക്കാഞ്ചേരിയില്‍ എത്തിയതും. അവിടെ വച്ചും അവര്‍ മത്സരിക്കുമെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, അടുത്ത സുഹൃത്തുക്കളും മറ്റും തിരഞ്ഞെടുപ്പ് പ്രചരണം കഠിനമാകുമെന്ന് പറഞ്ഞതോടെയാണ് ലളിതയുടെ മനസിന് ചാഞ്ചാട്ടം ഉണ്ടായത്. ഇന്നലെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റും ലളിതയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം ശരിവച്ചിരുന്നു. പിന്നീടാണ് ഇന്ന് നാടകീയമായി അവര്‍ പിന്മാറിയത്. ഇന്നലെ തന്നെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ പിന്മാറുന്നു എന്ന കാര്യം അവര്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമായും ആരോഗ്യ പ്രശ്‌നമാണ് ലളിത ചൂണ്ടിക്കാട്ടിയത്. രണ്ട് കാല്‍മുട്ടിനും ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണ് ലളിത. കൂടാതെ മൂത്രാശയ സംബന്ധമായ രോഗവും ഇവര്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ വേനല്‍കാലത്ത് വോട്ടു പിടിക്കാന്‍ ഇറങ്ങിയാല്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന് ഭയപ്പെട്ടു. ഇത് കൂടാതെ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ അവര്‍ വലിയതായി ആഗ്രഹിച്ചിരുന്നു. ഇതിനും ലളിത്ക്ക് കൃത്യമായ കാരണമുണ്ട്. കുഞ്ചാക്കോ ബോബന്റെ പിതാവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ആയിരുന്നു ഇവര്‍ ആദ്യമായി സിനിമയില്‍ എത്തിയത്. അതുകൊണ്ട് ഈ സിനിമയെ ഉപേക്ഷിക്കാന്‍ അവര്‍ക്ക് മനസു വന്നില്ല. ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് പിന്മാറുന്നതായി ലളിത സിപിഐ(എം) നേതൃത്വത്തെ അറിയിച്ചത്.

ലളിതയുടെ പിന്മാറ്റത്തോടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പള്ളി തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് അറിയുന്നത്. നേരത്തെ തന്നെ ലളിതയുടെ പേരിനെ ജില്ലാ കമ്മിറ്റി എതിര്‍ത്തിരുന്നു. കമ്മിറ്റിയിലെ 33 അംഗങ്ങളില്‍ 31 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍. ഒരാള്‍ നിഷ്പക്ഷത പാലിക്കുകയും ഉണ്ടായി. വടക്കാഞ്ചേരിയുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

വടക്കാഞ്ചേരിയില്‍ ഏറെ ജനപിന്തുണയുള്ള നേതാവാണ് സേവ്യര്‍ ചിറ്റിലപ്പള്ളി. ഓട്ടുപാറ സ്വദേശിയായ സാധാരണ കുടുംബത്തിലെ അംഗമായ സേവ്യര്‍ ചിറ്റിലപ്പള്ളി വിദ്യാഭ്യാസ ശേഷം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി മാറിയ ജനപ്രിയ നേതാവായിരുന്നു. ഡി വൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കെ എസ് നാരായണന്‍ നമ്പൂതിരിയുടെ മരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സേവ്യറെ പരിഗണിച്ചിരുന്നതാണ്. പിന്നീട് കെ മുരളീധരന്‍ മത്സരിച്ചപ്പോള്‍ അന്നത്തെ ഏരിയാ സെക്രട്ടറി എ സി മൊയ്തീനാണ് സ്ഥാനാര്‍ത്ഥിയായത്. അന്നും സേവ്യറുടെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നു. ഇത്തവണ സേവ്യര്‍ എന്നുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ലളിത കടന്നുവന്നത്.

Top