
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മദ്യനയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്ന് വിമര്‍ശനം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റിയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത് കേന്ദ്ര സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന് എന്നിവര്‍ക്കെതിരെയും എകെ ആന്റണിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. വിഡി സതീശനും എംഎം ഹസ്സനുമാണ് പ്രധാനമായും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
കേന്ദ്ര നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കേന്ദ്ര നേതൃത്വത്തെ ഒന്നിനും കൊളളില്ലെന്നും സമരം ചെയ്യാനുള്ള ത്രാണിയുമില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടി നേതൃത്വങ്ങളിലും ഭരണത്തിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി കൊണ്ടു പോലും പഠിച്ചില്ലെന്നും എംഎം ഹസ്സന് പറഞ്ഞു. മദ്യനയം ഗുണം ചെയ്തില്ലെന്നും വിമര്‍ശനമുയര്‍ന്നു. തോല്‍വിയുടെ ഉത്തരവാദിത്വം വിഎം സുധീരനാണെന്നും സുധീരന് രാജിവെക്കണമെന്നും ഹസ്സന് ആവശ്യപ്പെട്ടു.
ആദര്‍ശം വാക്കുകളില്‍ മാത്രമായിരുന്നുവെന്നും പ്രവര്‍ത്തികളില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. ആന്റണി നോക്കിയിരുന്നാല്‍ മാത്രം പോര പറയേണ്ട കാര്യം പറയണമെന്നും തുടങ്ങി ആന്റണിക്കെതിരെയും ആരോപണം ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ രണ്ട് ദിവസത്തെ യോഗമാണ് നടക്കുന്നത്. കെ.പി.സി.സി സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, വക്താക്കള്‍, ക്ഷണിതാക്കള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്മാര്, എം.എല്‍.എമാര്‍, തോറ്റ സ്ഥാനാര്‍ഥികള്‍ എന്നിവരാണ് ക്യാമ്പ് എക്സിക്യൂട്ടിവില്‍ പങ്കെടുക്കുന്നത്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് യോഗം.