നാലു തവണ മത്സരിച്ചവർക്കു സീറ്റില്ലെന്നുറപ്പിച്ച് സുധീരൻ; മത്സരത്തിൽ നിന്നു മാറി നിൽക്കുമെന്ന ഭീഷണിയുമായി ഉമ്മൻചാണ്ടി: സീറ്റിൽ തട്ടി കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നു

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: നാലുതവണ എംഎൽഎമാരായവരെ മത്സര രംഗത്തു നിന്നു മാറ്റി നിർത്തണമെന്ന കർശന നിലപാടുമായി സുധീരൻ ഹൈക്കമാൻഡിനെ സമീപിക്കുന്നു. എ.കെ ആന്റണിയുടെ മൗന പിൻതുണയുള്ളതോടെ നാലു മന്ത്രിമാർക്കും എംഎൽഎമാർക്കും സീറ്റ് നഷ്ടമാകുമെന്നും ഉറപ്പായി. എന്നാൽ, സീറ്റ് നിഷേധിക്കാനുള്ള സുധീരന്റെ നീക്കത്തിനെതിരെ എ-ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. ഈ നിലപാട് കർശനമാക്കിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിൽക്കുമെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കും.
കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, തൃപ്പൂണിത്തുറയിൽ നിന്നു മന്ത്രി കെ.ബാബു, കോന്നിയിൽ നിന്നു അടൂർ പ്രകാശ്, ഇരിക്കൂറിൽ നിന്നു മന്ത്രി കെ.സി ജോസഫ് എന്നിവരെ ഒഴിവാക്കുകയാണ് എന്ന ലക്ഷ്യത്തോടെയാണ് വി.എം സുധീരൻ ഇപ്പോൾ നാലു തവണ മത്സരിച്ചവരെ ഒഴിവാക്കുക എന്ന മാനദണ്ഡം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാലു തവണ മത്സരിച്ചവരെയും ആരോപണ വിധേയരായവരായ എംഎൽഎമാരെയും മാറ്റി നിർത്തി പുതുമുഖങ്ങൾക്കും, യുവാക്കൾക്കും, വനിതകൾക്കും കൂടുതൽ സീറ്റ് നൽകണമെന്ന നിർദേശമാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
സുധീരന്റെ ഈ നിലപാടിനു എഐസിസി നേതാവ് എ.കെ ആന്റണിയുടെ മൗനസമ്മതവും ഉണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. കേരളത്തിലെ സ്ഥാനാർഥി നിർണയത്തിൽ എ.കെ ആന്റണിയുടെ നിലപാടുകൾക്കു രാഹുൽ ഗാന്ധി നിർണായകമായ സ്വാധീനം ചെലുത്താനാവുമെന്നാണ് കണക്കൂ കൂട്ടുന്നത്. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും എതിർത്തിട്ടും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു വി.എം സുധീരൻ എത്തിയത് ആന്റണിയുടെ കർശന ഇടപെടൽ മൂലമാണ്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ വെട്ടി സ്ഥാനാർഥി നിർണയത്തിൽ നിർണായക ശക്തിയാകാൻ വി.എം സുധീരനു സാധിക്കുമെന്നാണ് കോൺഗ്രസിലെ ഗ്രൂപ്പ് രഹിതരുടെ വിശ്വാസം.
എന്നാൽ, തന്റെ വിശ്വസ്തർക്കെല്ലാം സീറ്റ് ഉറപ്പിക്കണമെങ്കിൽ ഉമ്മൻചാണ്ടിയ്ക്കു ഇത്തവണ നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡിൽ ഉമ്മൻചാണ്ടിയേക്കാൾ ശക്തമായ സാന്നിധ്യമായ എ.കെ ആന്റണിയെ മറികടക്കണമെങ്കിൽ എ-ഐ ഗ്രൂപ്പുകൾക്കു ഒന്നിച്ചു നിന്നേ മതിയാവൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top