കണ്ണൂര്‍: ഫ്‌ലെക്‌സ് ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റിയതിനെതിരെ പ്രതിഷേധവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നതുപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്ന് മധു സമൂഹമാധ്യമത്തില്‍ കുറിച്ചു.
പഴകുളം മധു സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റി. കണ്ണൂര്‍ തവക്കര യുപി സ്‌കൂളിലാണ് സംഭവം. ദൂരെയുള്ള കെട്ടിടത്തിനു മുകളില്‍ വച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞത്.
ഒന്നോര്‍ത്താല്‍ അതിലൊക്കെ എന്തിന് അതിശയിക്കണം! ഇങ്ങനെ ‘പുരയേക്കാള്‍ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരന്‍ എന്ന വടവൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുകയായിരുന്നില്ലേ സിപിഎം ചെയ്തത്. പിന്നെയാണോ ഒരു മരച്ചില്ല!
മുഖ്യമന്ത്രിയാണെങ്കില്‍ ഇങ്ങനെയൊക്കെ വേണം. മരച്ചില്ല കോണിവച്ചു മുറിച്ച സഖാക്കള്‍ ‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നാണു കേള്‍ക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാര്‍ട്ടിയുടെ ഏതാണ്ട് എല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പോള്‍ വിപ്ലവഗാനങ്ങള്‍ക്കു പകരം വയ്ക്കാറുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ദേശീയ ഗാനത്തിനു പകരം ‘മന്നവേന്ദ്ര”യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേള്‍ക്കുന്നു.
കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ തണല്‍ ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാല്‍ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടേ കുഞ്ഞുങ്ങള്‍ക്ക്. പക്ഷേ ഈ അല്‍പന്മാരുടെ പാര്‍ട്ടി അതൊന്നും കേള്‍ക്കില്ല. മരങ്ങളെ സംരക്ഷിക്കാന്‍ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകള്‍ മുറിച്ചിടാന്‍ മറുവശത്തു കത്താളുമായി വരുന്ന സിപിഎമ്മിലെ പിണറായി ഭക്തന്മാര്‍ ഇക്കാലത്തെ സിപിഎം പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണ് കാണിച്ചു തരുന്നത്. ഒളിച്ചുവച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്‌നേഹികള്‍!
ഒളിച്ചാണ് മരച്ചില്ലകള്‍ മുറിച്ചതത്രെ ‘മരക്കൊല’ മാത്രമല്ല, മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവര്‍ ചെയ്യുന്നത്. സജിത്ത് ലാല്‍, ടി.പി. ചന്ദ്രശേഖരന്‍, ഷുഹൈബ്, ഷുക്കൂര്‍, പെരിയയിലെ പ്രിയ സഹോദരങ്ങള്‍ കൃപേഷ്, ശരത് ലാല്‍…. എത്ര പേരെയാണ് ഇവര്‍ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്! അതോര്‍ത്താല്‍ തവക്കര സ്‌കൂള്‍ വളപ്പിലെ മരത്തിന്റെ കണ്ണീര്‍ സിപിഎം പാര്‍ട്ടിക്ക് വല്ല കാര്യവുമാണോ?