
സ്വന്തം ലേഖകൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളേയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്.ബി.ഐ.യിൽ ലയിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും കേന്ദ്രസർക്കാർ അതിൽനിന്നു പിന്തിരിയണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.
എസ്.ബി.റ്റി., സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്നത് കേരളത്തിന്റെ വികസനതാൽപര്യങ്ങൾക്കെതിരാണ്. കേരളത്തിനകത്ത് 852 ശാഖകളിലായി 75000 കോടി രൂപയുടെ നിക്ഷേപങ്ങളാണുള്ളത്. 40,000 കോടി രൂപയുടെ വിവിധ വായ്പകൾ നൽകിയിട്ടുണ്ട്. കാർഷിക, വിദ്യാഭ്യാസ മേഖലകളിലും, ചെറുകിട വ്യവസായരംഗത്തും ഏറ്റവുമധികം വായ്പ കേരളത്തിൽ നൽകിയിട്ടുള്ളത് എസ്.ബി.റ്റി.യാണ്.
സംസ്ഥാനത്തെ വിവിധ പൊതുമേഖലസ്ഥാപനങ്ങൾക്ക് ഏറ്റവും അധികം വായ്പ നൽകിയിട്ടുള്ളതും എസ്.ബി.റ്റി. യാണ്. കേരളം ആസ്ഥാനമായിട്ടുള്ള ഏക വാണിജ്യ പൊതുമേഖലാ ബാങ്ക് ഇല്ലാതാക്കുന്ന സ്ഥിതിയാണ് എസ്.ബി.റ്റി. ലയനത്തിലൂടെ ഉണ്ടാകുന്നത്.
അതാത് സംസ്ഥാനങ്ങളിലെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കാര്യക്ഷമതയോടെ പ്രവർത്തിക്കുക എന്ന ലക്ഷ്യം ഈ ലയനത്തിലൂടെ ഇല്ലാതാക്കുകയാണ്. രാജ്യത്ത് ദുർബലാവസ്ഥയിൽ പ്രവർത്തിക്കുന്ന പല ബാങ്കുകളുടെയും നില മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കാതെ നന്നായി പ്രവർത്തിച്ചുവരുന്ന ബാങ്കുകളെത്തന്നെ ലയിപ്പിക്കുവാൻ നടത്തുന്ന ഈ ശ്രമം യുക്തിരഹിതമാണ്.
സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനം ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ ജീവനക്കാർ നടത്തുന്ന സമരം തികച്ചും ന്യായമാണ്. എല്ലാവരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.