
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെപിസിസിയിൽ നേതൃമാറ്റം കൊണ്ടു തന്റെ ഇഷ്ടക്കാരായ യുവാക്കളെ കമ്മറ്റികളിൽ തിരുകികയറ്റാൻ ഉമ്മൻചാണ്ടി കളമൊരുക്കുന്നു. കെപിസിസി നേതൃത്വത്തിൽ ഉടൻ മാറ്റം വേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്കടക്കം തന്റെ അടുപ്പക്കാരായ യുവാക്കളെ എത്തിക്കാനാണ് ഉമ്മൻചാണ്ടിയുടെ തന്ത്രം.
കൂടുതൽ ചർച്ചകൾക്കുശേഷം മാത്രം കേരളത്തിൽ നേതൃമാറ്റം തീരുമാനിക്കൂ എന്നു കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക് ഡൽഹിയിൽ പറഞ്ഞു. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും. നേതാക്കളെ പരസ്യമായി വിമർശിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം.സുധീരൻ, എ.കെ.ആന്റണി എന്നിവരുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു.
യുഡിഎഫ് ചെയർമാനാകില്ലെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചു. ഇനി ഹൈക്കമാൻഡാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവണമെന്നും സോണിയ ഗാന്ധി നിർദേശിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം സുധീരൻ ഡൽഹിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് നടന്ന കെപിസിസി ക്യാംപിലെ വിലയിരുത്തൽ സോണിയ ഗാന്ധിയെ സുധീരൻ ധരിപ്പിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിനു കാരണം കെപിസിസി നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് തുറന്നടിച്ച് കെ.സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനം ഉണ്ടായില്ല. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൂപ്പുകളെ ഒരുമിച്ചു കൊണ്ടുപോകുന്നതിൽ കെപിസിസി നേതൃത്വം പരാജയപ്പെട്ടു. ഗ്രൂപ്പുകളെ ഒരുമിപ്പിച്ചുകൊണ്ടുപോകേണ്ടത് നേതൃത്വമാണ്. ഈ സാഹചര്യത്തിൽ കെപിസിസി അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തയാറാകുമെന്നാണ് പ്രതീക്ഷ. പിണറായി ഭരിക്കുമ്പോൾ കോൺഗ്രസിന് വൈബ്രന്റായ നേതൃത്വം വേണമെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും രംഗത്തെത്തി. വ്യക്തികളുടെ ഇമേജ് കൊണ്ടുകാര്യമില്ലെന്ന് വാഴയ്ക്കൻ പറഞ്ഞു. കൂട്ടായ ഇമേജ് ഉണ്ടാകണം. പാർട്ടിക്കാണ് ക്രെഡിറ്റ് ലഭിക്കേണ്ടത്. ഇതാണ് തിരിച്ചടിക്കു കാരണമെന്നും വാഴയ്ക്കൻ കൂട്ടിച്ചേർത്തു.