സ്വന്തം ലേഖകൻ
കോട്ടയം: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ബാവായുടെ നിര്യാണത്തിൽ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ നന്മ ലക്ഷ്യമിട്ട് പ്രവർത്തിച്ച ഇടയ ശ്രേഷ്ഠനെയാണ് നഷ്ടമായിരിക്കുന്നത്. സമൂഹത്തിലെ ദരിദ്രരോടും നിരാലംബരോടും രോഗികളോടുമുള്ള കരുതൽ കാത്തുസൂക്ഷിച്ച സഭാ മേലധ്യക്ഷനായിരുന്നു അദ്ദേഹം. ലാളിത്യം മുഖമുദ്രയാക്കിയ തിരുമേനി ആത്മീയ ജീവിതത്തിന്റെ ഒരു പാഠപുസ്തമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഭയുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരാമധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്് മാർത്തോമ പൗലോസ് കാതോലിക്കാ ബാവ കാലം ചെയ്തതോടെ നഷ്ടമാകുന്നത് മാനവികതയുടെ മഹാ ഇടയനെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അനുശോചിച്ചു. കാഴ്ച്ചപ്പാടിലും കർമമേഖലയിലും തികച്ചും വ്യത്യസ്തമായിരുന്ന ബാവ തിരുമേനിയുടെ വിടവാങ്ങൽ ഒരു കാലഘട്ടത്തിന്റെ പരിസമാപ്തിയാണെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി അനുശോചിച്ചു.
മലങ്കര ഓർത്തഡോക്‌സ് ബാവയുടെ നിരിയാണത്തിൽ ബി രാധാകൃഷ്ണമേനോൻ അനുശോചിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കത്തോലിക്ക ബാവയുടെ വിയോഗത്തിൽ പരുമലയിൽ എത്തി പുഷ്പചക്രം സമർപ്പിച്ചു. ബി.ജെ.പി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഒപ്പം ഉണ്ടായിരുന്നു.