ക്രൈം ഡെസ്‌ക്
കാവേരി നദീജലത്തർക്കത്തിന്റെ പേരിൽ കെ.പി.എൻ ട്രാവത്സിന്റെ ബസ് കത്തിച്ചതിന് പിന്നിൽ 22കാരിയായ യുവതി. തമിഴ്‌നാട് സ്വദേശിയായ കെ.പി നടരാജന്റെ ഉടമസ്ഥതയിലുള്ള കെ.പി.എൻ ട്രവൽസിന്റെ 42 ബസുകളാണ് അക്രമികൾ അഗ്‌നിക്കിരയാക്കിയത്. യാദ്ഗിർ സ്വദേശിനിയായ സി. ഭാഗ്യ എന്ന യുവതിയുടെ നേതൃത്വത്തിലാണ് കെ.പി.എൻ ഡിപ്പോയിൽ അക്രമം അരങ്ങേറിയത്.
വ്യാഴാഴ്ച വൈകിട്ട് ഭാഗ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കെ.പി.എൻ ഗ്യാരേജിന് സമീപമാണ് ഭാഗ്യ താമസിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ്, ഭാഗ്യയെ തിരിച്ചറിഞ്ഞത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തന്റെ കൂടെ എത്തിയ ആളുകൾക്ക് ഭാഗ്യ പെട്രോൾ ബോംബുകളും ഡീസലും വിതരണം ചെയ്യുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
യുവതിക്ക് ഏതെങ്കിലും കന്നഡ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്്. കൊലപാതക ശ്രമം, കലാപം സൃഷ്ടിക്കൽ, വസ്തുവകകൾക്ക് നാശം വരുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭാഗ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.