ന്യൂഡല്‍ഹി: സാമ്പത്തീക തട്ടിപ്പ് കേസില്‍ അമേരിക്കന്‍ കോടതി കേസെടുത്ത സംഭവത്തിനുപിന്നാലെ കെപി യോഹനാനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ദേശിയ മാധ്യമങ്ങല്‍. ഗംഗാ ശുചീകരണത്തിന് ഒരു കോടി പ്രധാനമന്ത്രിക്ക് നല്‍കിയതിന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് കെപി യോഹനാനെതിരെ കുടുകല്‍ തെളിവുകള്‍ മാധ്യമങ്ങല്‍ പുറത്ത് വിട്ടത്. അമേരിക്കയിലെ കേസ് അട്ടിമറിക്കാന്‍ വേണ്ടിയുള്ള പ്രത്യുപകാരത്തിനാണ് മോഡിയെ കണ്ടെതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു ശേഷമാണ് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
അമേരിക്കയിലെ കേസ് ഒഴിവാക്കാനുള്ള അവസാന തന്ത്രമെന്ന നിലയില്‍ മോദിയെ പാട്ടിലാക്കാനാണ് യോഹന്നാന്‍ ശ്രമിച്ചതെന്നതാണ് സൂചന. മോദിയുമായുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തന്റെ സ്വാധീനമെന്തെന്ന് അമേരിക്കയിലും മറ്റും വിശദീകരിക്കാനായിരുന്നു നീക്കം. ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയോടെ ഇത് പൊളിഞ്ഞു. അമേരിക്കയില്‍ എപ്പോള്‍ എത്തിയാലും യോഹന്നാന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലുള്ള യോഹന്നാനെ നിയമനടപടിക്ക് അമേരിക്കയില്‍ എത്തിക്കാന്‍ ഇന്റര്‍പോള്‍ വഴി നീക്കം നടന്നേക്കുമെന്നും സൂചനയുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മോദിയെ കൈയിലെടുക്കാന്‍ യോഹന്നാന്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് സൂചന. ഇതിലെ ആപത്ത് മോദിയെ ആര്‍എസ്എസും അറിയിച്ചിട്ടുണ്ട്. രാജ്യസഭാ ഉപേധ്യക്ഷന്‍ കൂടി ഫോട്ടോയിലുള്ളതിനാല്‍ മാത്രം ഇതൊരു രാഷ്ട്രീയ വിവാദമാകില്ലെന്ന തിരിച്ചറിവും മോദിക്കുണ്ട്.
പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികള്‍ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കന്‍ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയില്‍ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയില്‍ ഡോ കെ പി യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളില്‍നിന്ന് വന്‍ പിരിവാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയില്‍നിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.
അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യ കണക്കുകള്‍ കാണിക്കേണ്ടതുമില്ല. എന്നാല്‍ വിദേശ സന്നദ്ധ സംഘടനയെന്ന നിലയില്‍ ഇന്ത്യയില്‍ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവര്‍ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയില്‍നിന്ന് പിരിച്ച വലിയ തുകയില്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റി. 2013ല്‍ മാത്രം ഗോസ്പല്‍ ഫോര്‍ ഏഷ്യ ആഗോളതലത്തില്‍ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതില്‍ പ്രധാനമായിരുന്ന ജീസസ് വെല്‍ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012ല്‍ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാല്‍ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013ല്‍ പിരിവ് 350 കോടിയോളമായി. എന്നാല്‍ കിണര്‍ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും.
ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസും. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളര്‍ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കല്‍ കൗണ്‍സിലും നടപടിയെടുക്കാന്‍ കാരണം. ഇതിനു പുറമേ കേസ് കൂടിയായതോടെ ഇനി അമേരിക്കയില്‍നിന്ന് യോഹന്നാന് ഒഴുകിയെത്തുന്ന കോടിക്കണക്കിനുഡോളറുകളില്‍ വന്‍ കുറവുമുണ്ടാകും. ഗോസ്പല്‍ ഫോര്‍ ഏഷ്യയും ബിലീവേര്‌സ് ചര്‍ച്ചും വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ സുവിശേഷീകരണത്തിനായ് സ്വീകരിച്ച പണം വക മാറ്റി ചിലവഴിച്ചുവെന്നും കെട്ടിട സമുച്ചയങ്ങള്‍ പണിയുവാന്‍ ഉപയോഗിച്ചതായും മുന്‍ ബോര്‍ഡ് മെമ്പര്‍ കുറ്റ സമ്മതം നടത്തിയിരുന്നു.
ടെക്‌സാസില്‍ പണി കഴിപ്പിക്കുന്ന ഹെഡ് ക്വാര്‍ട്ടെസ് കെട്ടിട സമുച്ചയത്തിന്റെ പണിക്കയാണ് തുക വകമാറ്റി ചിലവഴിച്ചത്. ഏകദേശം 120കോടി രൂപയാണ് ഇന്ത്യയിലെ സുവിഷേശീകരണത്തിനു ഉപയോഗിക്കാതെ കെട്ടിട സമുച്ചയങ്ങളുടെ പണിക്കു വേണ്ടി വകമാറ്റി ചിലവഴിച്ചത്. ഇപ്രകാരം ദാതാക്കളുടെ പണം സ്വീകരിച്ചു നടത്തുന്ന വന്‍ അഴിമതി മനസിലായതിനെ തുടര്‍ന്ന് മുന്‍ ബോര്‍ഡ് മെമ്പര്‍ ഗയ്ല്‍ എര്‍വിന്‍ തന്റെ അംഗത്വം രാജി വച്ചതായി മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അമേരിക്കയിലെ നിയമനടപടിയും. ഇവാഞ്ചിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍സ്യല്‍ അക്കൗണ്ടബിലിറ്റിയുടെ 10 മാനദണ്ടങ്ങളില്‍ 7 എണ്ണത്തിലും വീഴ്ച വരുത്തിയെന്നും ഇതോടെ തെളിഞ്ഞു. അങ്ങനെയാണ് സംഘടന യോഹന്നാനെ പുറത്താക്കിയത്.
കേസുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആര്‍ക്കും അനുകൂലമായി ഒന്നും ചെയ്യില്ല. യോഹന്നാനെതിരായ നിയമനടപടികള്‍ അതിന്റെ വഴിക്ക് പോകുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴത്തെ നിലപാട്. യോഹന്നാനെ പോലുള്ളവരുടെ പിടിയില്‍ വീഴരുതെന്ന് ആര്‍എസ്എസും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം വ്യാപകമായി യോഹന്നാന്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജന്മഭൂമി തന്നെ ലേഖനം എഴുതിയത്. യോഹന്നാന്റെ നിയമവിരുദ്ധ പ്രവര്‍ത്തനമെല്ലാം അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. യോഹന്നാനെതിരെ നിയമനടപടികള്‍ തുടരുമെന്ന സൂചനയാണ് ഇതിലുള്ളത്.
കാര്യങ്ങള്‍ ജന്മഭൂമി വിശദീകരിക്കുന്നത് ഇങ്ങനെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2015 മാര്‍ച്ച് വരെ 10,117 എന്‍ജിഒകളുടെ അംഗീകാരം റദ്ദാക്കുകയുണ്ടായി. നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചതിനാണിത്. 23 എന്‍ജിഒകളുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും വിദേശഫണ്ട് സ്വീകരിക്കുന്നതിന് 20 എന്‍ജിഒകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 2014 ല്‍ വാര്‍ഷിക വരവുചെലവ് കണക്ക് ബോധിപ്പിക്കാത്തതിനാല്‍ 341 സംഘടനകള്‍ക്ക് അഞ്ചരക്കോടിയോളം (5,20,82,031) രൂപയും അംഗീകാരം നേടാതെയും മുന്‍കൂര്‍ അനുമതിയില്ലാതെയും വിദേശഫണ്ട് സ്വീകരിച്ചതിനാല്‍ 24 സംഘടനകള്‍ക്ക് 51 ലക്ഷത്തിലേറെ (51,99,526)രൂപയും പിഴ ചുമത്തി. തുടര്‍ച്ചയായി മൂന്നുവര്‍ഷം വരവ് ചെലവ് കണക്ക് ബോധിപ്പിക്കാത്തതിന് 2014 ല്‍ 10,343 സംഘടനകള്‍ക്ക് നോട്ടീസ് അയക്കുകയും ഫോര്‍ഡ് ഫൗണ്ടേഷനെപ്പോലുള്ള സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ചട്ടം ലംഘിച്ചതിന് നിരീക്ഷണ പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ ഈ നടപടികളുമായി കെ.പി.യോഹന്നാന് എന്ത് ബന്ധം എന്ന് ചോദിച്ചേക്കാം. ബീലിവേഴ്‌സ് ചര്‍ച്ച് ഒരു എന്‍ജിഒയും യോഹന്നാന്‍ ഒരു എന്‍ജിഒ സംഘാടകനുമാകുന്നു എന്നതാണ് ഇതിനുത്തരം. 1980 ല്‍ അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥാപിതമായ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്‍കോര്‍പ്പറേറ്റഡ് (ജിഎഫ്എഐ) എന്ന അന്താരാഷ്ട്ര സംഘടനയുടെ ഭാരതത്തിലെ ഒന്‍പത് അനുബന്ധ സംഘടനകളിലൊന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ (ബിസിഐ). നിയതമായ അര്‍ത്ഥത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഒരു ക്രൈസ്തവസഭയല്ല. അത് മതത്തിന്റെ പരിവേഷമുള്ള യോഹന്നാന്റെ ഒരു പോക്കറ്റ് സംഘടന മാത്രമാണ്. ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവര്‍ മിനിസ്ട്രി (എല്‍എച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എല്‍ഐഎം) ഷക്കീന പ്രോഫറ്റിക് മിഷന്‍ ട്രസ്റ്റ് (എസ്പിഎംടി), റെഹാബോത് ഇന്ത്യന്‍ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആര്‍ഐജിഎന്‍എല്‍ടി), ന്യൂ ഹോപ് ഫൗണ്ടേഷന്‍ (എന്‍എച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇന്‍ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നിവയാണ് മറ്റ് സംഘടനകള്‍. ഇതിനുപുറമെ മറ്റ് ചില സംഘടനകള്‍കൂടി യോഹന്നാന് ഉള്ളതായി പറയപ്പെടുന്നു.
ഒരു വ്യക്തിക്ക് ഒരു എഫ്‌സിആര്‍എ അക്കൗണ്ട് മാത്രമേ പാടുള്ളൂ. എന്നാല്‍ കുറഞ്ഞത് ഒന്‍പത് എഫ്‌സിആര്‍എ അക്കൗണ്ടുകളാണ് കെ.പി.യോഹന്നാന്‍ പല സംഘടനകളുടെ പേരില്‍ കൈകാര്യം ചെയ്യുന്നത്. എഫ്‌സിആര്‍എ പ്രകാരം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്ന തുക അതേ ആവശ്യത്തിനുതന്നെ വിനിയോഗിച്ചിരിക്കണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ ഈയിനത്തില്‍ യോഹന്നാന്റെ സംഘടനകള്‍ കൈപ്പറ്റുന്ന വിദേശഫണ്ട് ശരിയായി വിനിയോഗിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യവും വിശദവുമായ അന്വേഷണം നടത്തിയാല്‍ അസുഖകരമായ പല വസ്തുതകളും പുറത്തുവരുമെന്ന് ഉറപ്പാണെന്നും ജന്മഭൂമി പറയുന്നു.