കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താത്കാലിക ജീവനക്കാര്‍ക്ക് പകരം രണ്ട് ദിവസത്തിനകം പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന് ഹൈക്കോടതി. ഇതിന് പരിശീലനം ആവശ്യമില്ലെന്നും ജോലി ചെയ്ത് പഠിച്ചോളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഹൈക്കോടതിയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വിമര്‍ശനം ഉണ്ടാകുന്നത്. ഇന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സത്യവാങ് മൂലത്തിലെ വിശദാംശങ്ങള്‍ അറിയിക്കുക മാത്രമാണ് ഇന്നുണ്ടായത്.
ഇതിനെ തുടര്‍ന്നാണ് വിമര്‍ശനം. എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേര്‍ക്ക് പകരം നിയമനം നല്‍കണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അത്രയും ഒഴിവില്ലെന്നും ഇതുവരെ 240 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. കൂടാതെ പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സമയം വേണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒഴിവില്ലെങ്കില്‍ പിന്നെ എന്തിനാണ് പരീക്ഷ നടത്തി അഡൈ്വസ് മെമ്മോ നല്‍കിയതെന്നും ടിക്കറ്റ് കൊടുത്ത് പണം വാങ്ങാന്‍ വലിയ പരിശീലനമൊന്നും വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
തുടര്‍ന്ന് താത്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ നടപടികളില്‍ ഹൈക്കോടതി അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ സത്യവാങ്മൂലം നല്‍കുമെന്ന് കെഎസ്ആര്‍ടിസി എംഡിക്കായി ഹാജരായ അഭിഭാഷകന്‍ തുടര്‍ന്ന് കോടതിയെ അറിയിച്ചു.
പിരിച്ചുവിടല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇനി 4051 പേരാണ് പിഎസ്‌സി ലിസ്റ്റിലുളളത്. നിലവില്‍ വേറെ ഒഴിവുകള്‍ ഒന്നും ഇല്ലെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. പിരിച്ചുവിട്ട ജീവനക്കാരുടെ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് താളം തെറ്റിയിരുന്നു. 980 സര്‍വീസുകളാണ് കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നത്. പിരിച്ചുവിടലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടും. അധിക സമയത്തിന് അധികവേതനം നല്‍കും.
ഇതിന് പുറമെ ലൈസന്‍സുളള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കും. എല്ലാ ജീവനക്കാരുടെയും അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ 3861 താത്കാലിക കണ്ടക്ടര്‍മാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. പകരം പിഎസ്സി നിയമന ഉത്തരവ് ലഭിച്ച 4051 പേരെ നിയമിക്കും. ഇതിനുളള നടപടികള്‍ക്ക് കെഎസ്ആര്‍ടിസി സാവകാശം തേടുമെന്നാണ് അറിയിച്ചത്. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ നാളെ ആലപ്പുഴ പുന്നപ്ര വയലാറില്‍ നിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ലോങ്മാര്‍ച്ച് നടത്തും. വെളളിയാഴ്ച തൊഴിലാളി സംഘടനകള്‍ സംയുക്തമായി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.