
സ്വന്തം ലേഖകൻ
ചങ്ങനാശേരി: എംസി റോഡിൽ കാറിൽ കെഎസ്്ആർടിസി ബസിടിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തു. മർദനമേറ്റതായി കാട്ടി കെഎസ്ആർടിസി ഡ്രൈവർ ആശുപത്രിയിൽ അഡ്മിറ്റാകുകയും, ജീവനക്കാർ തന്നെ വാഹനത്തിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും ചെയ്തതോടെയാണ് യുവാവിനു ജയിലിൽ കഴിയേണ്ടി വന്നത്. പത്തനംതിട്ട പ്രമാടം മല്ലിശേരി വീട്ടിൽ അനിൽകുമാറിനെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി ജെയിംസ് മാണിയാണ് മർദനമേറ്റതായി കാട്ടി ആശുപത്രിയിൽ അഡ്മിറ്റായത്.
കഴിഞ്ഞ മൂന്നിനു ചങ്ങനാശേരി എസ്എച്ച്് ജംക്ഷനിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. അനിൽകുമാറിന്റെ കാറിൽ റാന്നിയിൽ നിന്നു ചങ്ങനാശേരിയിലേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് ഉരസി. ഇതിനെ ചോദ്യം ചെയ്ത് അനിൽകുമാർ ചങ്ങനാശേരി ടൗണിൽ വച്ചു ബസ് തടഞ്ഞു നിർത്തി. കാറിൽ ഉരസിയ ശേഷം നിർത്താതെ പോയതിനെച്ചൊല്ലി ഡ്രൈവറും അനിൽകുമാറും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവും ഉണ്ടായിരുന്നു. ഇതേ തുടർന്നു പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാൽ, ഇതിനു ശേഷം നേരെ ആശുപത്രിയിലേയ്ക്കു പോയ ഡ്രൈവർ എല്ലിനു പൊട്ടലുണ്ടെന്നു കാട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. തിരുവല്ല ഡിപ്പോയിൽ എത്തിച്ച വാഹനത്തിന്റെ ചില്ലുകളും ജീവനക്കാർ ചേർന്നു തല്ലിത്തതർത്തതായും അനിലിന്റെ ബന്ധുക്കൾ ആരോപിച്ചു.
വാഹനാപകടം ഉണ്ടായതായും ഡ്രൈവറെ അനിൽ മർദിച്ചതായും പറയുന്ന സ്ഥലത്ത് വാഹനത്തിന്റെ ചില്ല്ുകൾ ഉണ്ടായിരുന്നില്ല. അതു മാത്രമല്ല ചെറിയൊരു വാക്കു തർക്കം വലുതാക്കി പൊതുമുതൽ നശിപ്പിച്ചതിനും, സർക്കാർ ഉദ്യോഗ്സ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഈ വകുപ്പിലാണ് ഇയാൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹജാരാക്കി റിമാൻഡ് ചെയ്തിരിക്കുന്നത്.