കട്ടപ്പന: ”എങ്ങോട്ടു പോകുന്നു ഞങ്ങളുടെ കൂടെവരൂ, കെ.എസ്.ആര്‍.ടി.സി. ജനങ്ങള്‍ക്കൊപ്പം” എന്നെഴുതിയ സ്റ്റിക്കറുമായി കെഎസ്ആര്‍ടിസി. ഇടുക്കി ജില്ലയിലെ എല്ലാ ബസുകളുടെയും മുന്നില്‍ സ്റ്റിക്കര്‍ ഇടംപിടിച്ചുകഴിഞ്ഞു. ഏപ്രില്‍ 9 മുതലാണ് ജില്ലയിലെ 221 ഷെഡ്യൂളുകള്‍ കാര്യക്ഷമമാക്കുവാനുള്ള ശ്രമം തുടങ്ങിയത്. ജനങ്ങള്‍ക്കൊപ്പം എന്ന ആപ്തവാക്യവുമായി യാത്രക്കാര്‍ക്കിടയിലേക്കിറങ്ങുവാന്‍ വിവിധഡിപ്പോകളില്‍ വേണ്ടത്ര ക്രമീകരണം ഒരുക്കി. ഏപ്രില്‍ 9 മുതല്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് സ്റ്റിക്കര്‍ പതിച്ചത്.
ബസുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുവാനും യാത്രക്കാര്‍ക്ക് റൂട്ട് മനസിലാക്കുവാന്‍ വ്യക്തമായ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും നടപടിയായി. ബസുകള്‍ കഴുകിവൃത്തിയാക്കുവാന്‍ നടപടിയെടുത്തു.ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായരീതിയില്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചു. ക്ലീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി നെയ്യാറ്റിന്‍കര സ്റ്റാന്‍ഡില്‍ എംഡി രാജമാണിക്യം നേരിട്ടെത്തി സ്റ്റാന്‍ഡ് ക്ലീന്‍ ചെയ്തിരുന്നു. തൊഴിലാളികള്‍ക്കൊപ്പം ചെളിയിലിറങ്ങിയ എംഡി വലിയ വാര്‍ത്തയായിരുന്നു.
ഗ്രാമീണജനതയുടെ യാത്രാക്ലേശത്തിന് അറുതിവരുത്താന്‍ ഗ്രാമീണസര്‍വ്വീസുകള്‍ കാര്യക്ഷമമാക്കി. അഴിച്ചുപണിയും കാമ്പയിനും ഫലംകണ്ടു. ജില്ലയില്‍ ദിവസം 30 ലക്ഷം രൂപ കളക്ഷന്‍ എന്ന ലക്ഷ്യത്തില്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി.ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. കാമ്പയിന്‍ തുടങ്ങിയതോടെ ലക്ഷ്യമിട്ടതിനേക്കാള്‍ ഒരുലക്ഷം രൂപ അധികം ലഭിച്ചുതുടങ്ങി. ഈസ്റ്റര്‍, വിഷു ദിനങ്ങളില്‍ ഇത് 34 ലക്ഷമായി ഉയര്‍ന്നു.
എന്നാല്‍ ജീവനക്കാരുടെ കുറവുമൂലം നാല്‍പ്പതോളം സര്‍വ്വീസുകളാണ് ജില്ലയില്‍ മുടങ്ങിക്കിടക്കുന്നത്. കുമളി ഡിപ്പോയില്‍ 25 കണ്ടക്ടര്‍മാരുടെയും അത്രതന്നെ ഡ്രൈവര്‍മാരുടെയും കുറവുണ്ട്. മാതൃകാഡിപ്പോയായി പ്രഖ്യാപിച്ച കട്ടപ്പനയില്‍ 15 കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവും ഡ്യൂട്ടി നല്‍കുന്നതിലെ തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. തൊടുപുഴ ഡിപ്പോയിലാവട്ടെ ജീവനക്കാര്‍ കുറവുള്ളതിനാല്‍ എം.പാനല്‍ ജീവനക്കാരെ ഉപയോഗിച്ചാണ് സര്‍വ്വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നത്.