തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സി ഐ ടി യു ഒഴികെയുള്ള യൂണിയനുകള്‍ നടത്തുന്ന സമരം ഭാഗീകം. അതിനിടെ കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. എന്ത് കാര്യത്തിനാണ് ഇവര്‍ സമരം നടത്തുന്നതെന്ന് അറിയില്ല. സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ജീവനക്കാര്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഏഴാം തീയതി ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊട്ടാരക്കര, വൈക്കം, മാനന്തവാടി എന്നീ ഡിപ്പോകളില്‍ സമരം പൂര്‍ണ്ണമാണ്. അതിനിടെ, കൊല്ലം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറിന് കൊട്ടാരക്കര ഡിപ്പോയില്‍വച്ച് സമരാനുകൂലികളുടെ മര്‍ദ്ദനമേറ്റു. ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ശ്രീകുമാര്‍ പറയുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഏതാനും ബസുകള്‍ ഓടുന്നുവെങ്കിലും പണിമുടക്ക് യാത്രക്കാരെ വലച്ചു. ദീര്‍ഘദൂര സര്‍വീസുകളും സിറ്റി സര്‍വീസുകളും ഭാഗികമായി നടക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഡിപ്പോയില്‍ പണിമുടക്ക് പൂര്‍ണമാണ്. മറ്റ് ഡിപ്പോകളിലെ സര്‍വീസുകള്‍ ഭാഗികമായി നടക്കുന്നുണ്ട്.
മധ്യകേരളത്തിലും സമരം ഭാഗികമാണ്. കോട്ടയം ജില്ലയില്‍ മാത്രമാണ് പണിമുടക്ക് ശക്തം. ജില്ലയിലെ വൈക്കം ഡിപ്പോയില്‍നിന്ന് ഒരു സര്‍വീസും നടത്തുന്നില്ല. എറണാകുളം ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളെയും ലോ ഫ്‌ളോര്‍ ബസ് സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചു. പാലക്കാട് ജില്ലയില്‍ പകുതിയോളം സര്‍വീസുകള്‍ നടക്കുന്നുണ്ട്. മലബാറിലും പണിമുടക്ക് ഭാഗികമാണ്. കോഴിക്കോട് ഡിപ്പോയില്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പുചെയ്ത് ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തിയാണ് സര്‍വീസുകള്‍ ഉറപ്പാക്കിയത്. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും.
ബിഎംഎസിന്റെ കെഎസ്ടി എംപ്ലോയീസ് സംഘ്, ഭരണാനുകൂല എഐടിയുസി, കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ എന്നീ മൂന്നു സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിനു നിയമസഭാമാര്‍ച്ചും മാര്‍ച്ച് ആറു മുതല്‍ അനിശ്ചിതകാല പണിമുടക്കും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സേവനക്കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുക, എംപാനല്‍ ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതും പിരിച്ചുവിടുന്നതും അവസാനിപ്പിക്കുക, തുടങ്ങിയവയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍.