പരിഷ്‌കരണങ്ങള്‍ക്കൊപ്പം കടുത്ത തീരുമാനങ്ങളുമായി എംഡി രാജമാണിക്യം; മാസത്തില്‍ 120 കോടി നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ലാഭത്തില്‍ എത്തുമോ?

കണ്ണൂര്‍: ആനവണ്ടിയുടെ മുഖംമാറ്റുന്നതിന്റെ ഭാഗമായി പരിഷ്‌കരണങ്ങള്‍ക്കൊപ്പം കടുത്ത തീരുമാനങ്ങളിലേയ്ക്കും എംഡി നീങ്ങുന്നു. ജീവനക്കാരുടെ അനാവശ്യ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായിട്ടാണ് എംഡി രാജമാണിക്യം മുന്നോട്ട് പോകുന്നത്. മെക്കാനിക്കല്‍ ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സംവിധാനം എടുത്തു കളയാനുള്ള ആലോചനയാണ് ഇപ്പോഴുള്ളത്. ഇരട്ട ഡ്യൂട്ടിയിലൂടെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നുദിവസം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്നതായിരുന്നു ഇതുവരെയുള്ള ആനുകൂല്യം. ഈ സംവിധാനം ഒഴിവാക്കാനാണ് കെഎസ്ആര്‍ടിസി എംഡി ഒരുങ്ങുന്നത്.

അറ്റകുറ്റപ്പണിക്കുള്ള ഡെയിലി മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വൈകിട്ട് നാലിനാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഭൂരിഭാഗം ബസുകളും രാത്രി എട്ടിനാണ് ഓട്ടം കഴിഞ്ഞെത്തുന്നത്. ഓട്ടം കഴിഞ്ഞ് ബസ് എത്തുന്നതുവരെ ജീവനക്കാര്‍ വെറുതെയിരിക്കുകയാണെന്നു കണ്ടാണ് പുതിയ നടപടി. ഇന്ന് മുതല്‍ ജോലിയില്‍ ക്രമീകരണം വരുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇന്ന് മുതല്‍ രാത്രി എട്ടിനും പത്തിനും തുടങ്ങുന്ന വിധത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. രാത്രി എട്ടിന് ജോലിയില്‍ കയറുന്നവര്‍ക്ക് രാവിലെ നാലിനും രാത്രി പത്തിന് കയറുന്നവര്‍ക്ക് ആറിനും ഇറങ്ങാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നത്. ബസുകള്‍ ഡിപ്പോയിലുണ്ടാകുന്ന രാത്രി എട്ടിനും രാവിലെ നാലിനും ഇടയ്ക്ക് കൂടുതല്‍ ജീവനക്കാരെ വിന്യസിക്കും. മുമ്പ് വൈകിട്ട് നാലുമുതല്‍ രാവിലെ എട്ടുവരെ 16 മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ ഇരട്ട ഡ്യൂട്ടി ലഭിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം എത്തിയാല്‍ ആറ് ഡ്യൂട്ടികിട്ടും. ഒരു അവധിയുമെടുക്കാം. പുതിയ സംവിധാനത്തില്‍ ആറുദിവസവും ഡ്യൂട്ടിക്ക് ഹാജരാകേണ്ടിവരും. ഇത് ജീവനക്കാരില്‍ വ്യാപകമായ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.

ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടിയും വന്‍ നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. മാസം എട്ടുദിവസംമാത്രം ജോലിക്ക് ഹാജരാകുന്ന ചില കണ്ടക്ടര്‍മാര്‍ ഇങ്ങനെ മിനിമം ഹാജര്‍ നേടുന്നുണ്ട്. അനാവശ്യമായ ഇരട്ട ഡ്യൂട്ടി ഒഴിവാക്കണമെന്ന് സുശീല്‍ഖന്ന പാക്കേജില്‍ നിര്‍ദ്ദേശമുണ്ട്. മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി. ലാഭത്തിലാക്കാന്‍ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പ്പറേഷനുകളുടെ നേട്ടത്തിനുപിന്നില്‍ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസമാണ്. സിഐടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി. സംഘടനകള്‍ പുതിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഡ്യൂട്ടി ബഹിഷ്‌കരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡബിള്‍ ഡ്യൂട്ടി സംവിധാനം പൊളിച്ചെഴുത്തി കൊണ്ടുള്ള പരിഷ്‌ക്കാരമാണ് രാജമാണിക്യം മനസില്‍ കാണുന്നത്. നാളിതുവരെ ആരും നടപ്പിലാക്കാന്‍ ധൈര്യപ്പെടാത്ത മൂന്ന് നീക്കങ്ങളാണ് രാജമാണിക്യത്തിന്റെ മനസില്‍. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ ഡബിള്‍ ഡ്യൂട്ടി നല്‍കിവരുന്ന സംവിധാനം പൊളിച്ചെഴുതും. നിലവില്‍ ഡബിള്‍ ഡ്യൂട്ടി എന്ന പേരില്‍ 16 മണിക്കൂര്‍ ജോലി ചെയ്യേണ്ടതിന് പകരം 12 മണിക്കൂറോളം മാത്രമാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാല്‍, ഡബിള്‍ ഡ്യൂട്ടിയുടെ പണം നല്‍കേണ്ടിയും വരുന്നു. ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങള്‍ പ്രതിമാസം ലാഭിക്കാന്‍ സാധിക്കും. ദ്വീര്‍ഘദൂര സര്‍വീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറും ഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും ഡ്രൈവറുടെയും റോള്‍ വഹിക്കുന്ന രണ്ട് പേരെ ദ്വീര്‍ഘദൂര സര്‍വീസുകളില്‍ നിയോഗിക്കും.

കണ്ടക്ടറായും ക്ലര്‍ക്കായും പ്രവേശിച്ച് പിന്നീട് രാഷ്ട്രീയ പിന്‍ബലത്തില്‍ പ്രമോഷന്‍ നേടി ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന ശീലത്തിനും ഇതോടെ അറുതി വരാത്തുക എന്നതാമ് മൂന്നാമത്തെ നീക്കം. ഇതിനെ എതിര്‍ത്തു കൊണ്ടാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ തന്നെയാണ് രംഗത്തുള്ളത്. ആരും കൈവയ്ക്കാന്‍ തയ്യാറാകാത്തതും എക്കാലത്തും കെഎസ്ആര്‍ടിസിയുടെ വിജയത്തിനു തടസ്സമായി നിന്നിരുന്ന യൂണിയന്‍ നേതാക്കളുടെ ഇടയിലേക്കു തന്നെയായിരുന്നു രാജമാണിക്യം മറ്റു എക്‌സിക്യുട്ടീവ് ഡയറക്ടറുമാരുമായി പരിശോധനയ്ക്ക് പോയത്. ഈ യാത്രയില്‍ ജോലി ചെയ്യാതെ യൂണിയന്‍ കളിച്ച് ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് മേലും പിടി വീണു.

കെഎസ്ആര്‍ടിസി എംഡിയുടെ പരിശോധനയെ ഓപ്പറേഷന്‍സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്മാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, രാജമാണിക്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു പിന്നില്‍ അവര്‍ക്കു മുട്ടു മടക്കേണ്ടി വന്നു. ഹാജര്‍ പരിശോധനയില്‍ ഭരണക്ഷി യൂണിയന്‍ ഉന്നത നേതാവ് ഒപ്പിട്ടിട്ട് യൂണിയന്‍ പ്രവര്‍ത്തനത്തിന് പോയത് എംഡി കയ്യോടെ പിടികൂടി. യൂണിയന്‍ നേതാവിന്റെ രക്ഷക്കെത്തിയ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നേതാവിനും ശകാരം കിട്ടിയെന്നാണ് അറിയുന്നത്. തൊണ്ടിയോടെ പിടികൂടിയതിനാല്‍ പണിമുടക്കു പോയിട്ട് ഒന്നു പ്രതികരിക്കാന്‍ കൂടി യൂണിയനായില്ല. അച്ചടക്കത്തിനു തന്നെയാണ് പ്രഥമ പരിഗണനയെന്നും അതില്‍ വീഴ്ച്ച വരുത്തുന്ന ആരെയും രക്ഷിക്കില്ല എന്നു മാത്രമല്ല അടിയന്തിര നടപടിയുണ്ടാകുയെന്ന സന്ദേശവും നല്‍കാന്‍ രാജമാണിക്യത്തിനായി.

അനധികൃതമായി ജോലിക്കു ഹാജരാകാതെ സര്‍വ്വീസ് മുടങ്ങിയതിന്റെ പേരില്‍ നിരവധി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍( ഇഡി)വിജിലന്‍സ് ഇതോടെ തയ്യാറായിട്ടുണ്ട്. സമയം കളയാതെ അടിയന്തിര നടപടികളുണ്ടായപ്പോള്‍ യൂണിയന്‍ നേതൃത്വം പകച്ചു. ചീഫ് ഓഫീസിലെ വിജിലന്‍സ് വിഭാഗത്തില്‍ പണിയെടുക്കുന്ന ഓഫീസര്‍മാരില്‍ മുഴുവന്‍ ഭരണകക്ഷി തൊഴിലാളി യൂണിയന്‍ അംഗങ്ങളും നേതാക്കളുമാണ്. അവര്‍ തീരുമാനിച്ചാല്‍ ആരുടെ പേരിലും എന്തു പരാതികളും ഉണ്ടാക്കാം. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പോലും നടത്താതെ ആരെ വേണമെങ്കിലും സസ്‌പെന്‍ഡ് ചെയ്യാം. വേണ്ടപ്പെട്ടവരുടെ ഫയലുകള്‍ മുക്കാം അതായിരുന്നു ഇന്നലെകളില്‍ സംഭവിച്ചത്. എന്നാല്‍ രാജമാണിക്യ ഭരണത്തിന്‍ കീഴിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിനെ നിയന്ത്രിക്കാന്‍ ഭരണകക്ഷി യൂണിയനായില്ല. അങ്ങനെ വന്നപ്പോള്‍ ബസ്സുകളിലും ബസ്സ് സ്റ്റേഷനുകളിലും ഇഡി വിജിലന്‍സിനെതിരെ പോസ്റ്റര്‍ പ്രളയമായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാനാണ് എംഡിയുടെ തീരുമാനം.

Top