തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെ മുതലാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. അറ്റകുറ്റപ്പണി മുടങ്ങിയതോടെ രാവിലെ ആരംഭിക്കേണ്ട സർവീസുകൾക്ക് പലയിടത്തും ബസ്സില്ലാത്ത അവസ്ഥയാണ്. പല ഡിപ്പോകളിലും സർവീസുകൾ ഏതാണ്ടു പൂർണമായിത്തന്നെ മുടങ്ങിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി രാവിലെ പത്തിന് ചർച്ച നടത്തും.
അറ്റകുറ്റപ്പണി കൂടുതൽ നടക്കുന്ന രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തി ഉത്തരവിട്ടത്. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതുകൊണ്ടുതന്നെ പകലുള്ള രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയില്ല. ജോലി കൂടുതലുള്ള രാത്രിയിൽ ആവശ്യത്തിന് ജീവനക്കാരുമില്ല. ഇതൊഴിവാക്കാനാണ് ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതൽ പിറ്റേന്ന് ആറുവരെ കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്താം.
എന്നാൽ, ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. അതേസമയം, യൂണിയനുകൾ എതിർത്താലും ഡ്യൂട്ടി പരിഷ·്കരണവുമായി മുന്നോട്ടുപോകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. മെക്കാനിക്കൽ വിഭാഗത്തിന് പുറമെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഉടൻ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.