കൊച്ചി:കുറഞ്ഞ നിരക്കില്‍ കുളിര്‍മയുള്ള യാത്ര ചെയ്യാനുള്ള അവസരമൊരുക്കി കെഎസ്ആര്‍ടിസി ചില്‍ ബസിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമായി. എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി പകല്‍ ഒരോ മണിക്കൂര്‍ ഇടവിട്ടാണു സര്‍വീസ്. കെയുആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസുകളുപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഒരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10ന് ശേഷം 12, രണ്ട്, അഞ്ച് എന്നീ സമയങ്ങളിലുമാണ് സര്‍വീസ്. എസി ലോ ഫ്‌ളോര്‍ ബസിന്റെ നിരക്കാണു ചില്‍ ബസിനും. ചേര്‍ത്തല-79, ആലപ്പുഴ-122, ഹരിപ്പാട്-174, കായംകുളം-197, കരുനാഗപ്പള്ളി-220, കൊല്ലം-258, ആറ്റിങ്ങല്‍-319, തിരുവനന്തപുരം-357 എന്നിങ്ങനെയാണു എറണാകുളത്തു നിന്നുള്ള നിരക്കുകള്‍.
ചില്‍ ബസിന്റെ കോട്ടയം വഴിയുളള എറണാകുളം- തിരുവനന്തപുരം സര്‍വീസും മൂന്നാര്‍, തൊടുപുഴ, കുമളി, ഗുരുവായൂര്‍, കോഴിക്കോട്, പാലക്കാട് സര്‍വീസുകളും ഓഗസ്റ്റ് ഒന്നിനു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടൊപ്പം നിലവില്‍ വരും. പരീക്ഷണ ഓട്ടത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ വി.എം. താജുദ്ദീന്‍ സാഹിബ് പറഞ്ഞു. ഇന്നലെ ബസുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നടത്തിയ ട്രിപ്പുകള്‍ക്കു 15,000 രൂപയ്ക്കടുത്ത് കലക്ഷന്‍ ലഭിച്ചു. കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം കൃത്യമായ ഇടവേളകളില്‍ ബസുകളുറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണു ചില്‍ ബസ് പദ്ധതി.
കെഎസ്ആര്‍ടിസിയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുകയാണ് പുതിയ ബസ്. കണക്ടിംഗ് കേരള എന്ന ആശയത്തില്‍ വിവിധ റൂട്ടുകളിലായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ മണിക്കൂറിലും ബസുകള്‍ ലഭിക്കുമെന്നതാണു പ്രധാന നേട്ടം. എറണാകുളത്തു നിന്നു തിരുവനന്തപുരം വരെ ട്രെയിനില്‍ എസിയില്‍ യാത്ര ചെയ്യണമെങ്കില്‍ ജനശതാബ്ദിയില്‍ 425 രൂപയും സാധാരണ എക്‌സ്പ്രസ് ട്രെയിനുകളില്‍ 495 രൂപയുമാണു (തേഡ് എസി) നിരക്ക്. ചില്‍ ബസില്‍ നിരക്കു കുറവാണെന്നതു യാത്രക്കാരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. എറണാകുളത്തു നിന്നുള്ള എല്ലാ തിരുവനന്തപുരം ബസുകളും നിറഞ്ഞാണു പോകുന്നത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായി പരിശ്രമിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ ഏറ്റവും പുതിയ പരീക്ഷണമാണ് ചില്‍ സര്‍വീസ്.