തിരുവനന്തപുരം: പലരും കെഎസ്ആര്‍ടിസിയെ നന്നാക്കാനിറങ്ങിയെങ്കിലും ഒടുവില്‍ കീഴടങ്ങുകയാണ് പതിവ്. ഓരോ മാസവും കോടികളുടെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കുമെന്നാ പ്രതീക്ഷയിലാണ് പുതിയ എംഡിയായി ചാര്‍ജ്ജെടുത്ത രാജമാണിക്യം. ആദ്യം ജീവനക്കാരെ നിയന്ത്രിച്ച് പണിയെടുപ്പിക്കാനാണ് ആദ്യ നീക്കം.
ഗണേശ് കുമാര്‍ കെ എസ് ആര്‍ ടി സി മന്ത്രിയായിരുന്നപ്പോള്‍ പൊതു മേഖലാ ബസ് കമ്പനി ലാഭത്തിലായിരുന്നു. മാത്യു ടി തോമസിനും നേട്ടമുണ്ടാക്കാന്‍ മന്ത്രിസ്ഥാനത്തിലൂടെ കഴിഞ്ഞു. അതുകൊണ്ട് തന്നെ കെ എസ് ആര്‍ ടി സിയെ പരിഷ്‌കരണത്തിലൂടെ ലാഭത്തിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്നാണ് രാജമാണിക്യത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള കടുത്ത നടപടികളുടെ ഭാഗമായി മതിയായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി 89 ദിവസത്തിലധികം ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കി. 1200 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ജീവനക്കാരുടെ അനുപാതം കുറയ്ക്കാനും പെന്‍ന്മഷന്‍ നല്‍കാന്‍ സര്‍ക്കാരിനെയും എല്‍.െഎസി പോലെയുള്ള സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.
പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള മുഴുവന്‍ സര്‍വീസുകളും ജനുവരിയോടെ അവസാനിപ്പിക്കണമെന്നും എംഡി രാജമാണിക്യം കര്‍ശന നിര്‍ദ്ദേശം നല്‍കി. യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് 89 ദിവസംവരെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാം. ഈ ആനുകൂല്യം മുതലെടുത്ത് ഓരോ 89 ദിവസം കഴിയുമ്പോഴും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒട്ടേറെപ്പേര്‍ മറ്റ് ജോലികള്‍ക്കു പോകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ശമ്പളം കിട്ടിയില്ലെങ്കിലും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല. യൂണിയന്റെകൂടി ഒത്താശയോടെയാണ് പലയിടത്തുമിതു നടക്കുന്നത്. ഇത്തരത്തില്‍ നിരന്തരം അവധിയിലായ 1200 പേര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ട് ഹാജരായി മതിയായ കാരണം ബോധിപ്പിക്കാത്തവരെ പിരിച്ചുവിടാനാണു നിര്‍ദ്ദേശം. യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് അനുവദിക്കാവുന്ന അവധി 15 ദിവസമായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ കൂടുതല്‍ വേണ്ടവര്‍ എംഡിയുടെ ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം. നാല്‍പത് ശതമാനത്തോളം സര്‍വീസുകളും രണ്ടുമാസത്തിനുള്ളില്‍ ലാഭകരമായ തരത്തില്‍ പുനഃക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.