പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഷോപ്പിങ് കോംപ്ളക്സ് കം ബസ് ടെര്‍മിനലിന്‍െറ നിര്‍മാണം ആരംഭിച്ചു.
വ്യാപാര സമുച്ചയം നിര്‍മിക്കാന്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റി തറ നിരപ്പാക്കുന്ന പണി ആരംഭിച്ചു. ഗാരേജിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ഈ ഭാഗം ടിന്‍ ഷീറ്റുകൊണ്ട് മറച്ചു. പെട്രോള്‍ പമ്പ് ഭാഗത്ത് ഗാരേജുമായി വേര്‍തിരിച്ചിട്ടുള്ള മതിലും പൊളിച്ചുമാറ്റി. പൈലിങ് രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വകാര്യ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ വളവില്‍നിന്ന് നേരെ ഗാരേജിലേക്ക് ബസുകള്‍ക്ക് പ്രവേശിക്കാനുള്ള താല്‍ക്കാലിക റോഡുപണിയും ഉടന്‍ ആരംഭിക്കും. നിര്‍മാണോദ്ഘാടനം കഴിഞ്ഞ ഏപ്രില്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്.
1974ലാണ് പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആരംഭിച്ചത്. 1980ലാണ് ഇപ്പോഴത്തെ ഓഫിസും വര്‍ക്ക്ഷോപ്പും മറ്റ് അനുബന്ധ സൗകര്യവും ഉണ്ടായത്. വര്‍ഷന്തോറും ശബരിമല സീസണ്‍ കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ആശ്രയിക്കുന്ന കേന്ദ്രമായിട്ടും വികസനം നീളുകയായിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 30 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയെങ്കിലും നടന്നില്ല. സ്ഥലം എം.എല്‍.എ കൂടിയായ കെ. ശിവദാസന്‍നായര്‍ വികസനത്തിനായി ശ്രമിക്കുന്നില്ളെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടുകോടിയും കെ.എസ്.ആര്‍.ടി.സിയുടെ തനത് ഫണ്ടില്‍നിന്ന് ഏഴുകോടിയും മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കുന്നത്. രണ്ടു നിലയിലായാണ് വ്യാപാരസമുച്ചയവും ഒപ്പം ബസ് ടെര്‍മിനലും. കെട്ടിടസമുച്ചയത്തില്‍ 58 മുറികള്‍ ഉണ്ടാകും.
ഇതോടൊപ്പം കാന്‍റീനുമുണ്ട്. ബസ് ടെര്‍മിനല്‍ ഓഫിസ് സമുച്ചയവും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. എല്‍ ഷേപ് ആകൃതിയില്‍ റോഡിനോട് ചേര്‍ന്നായിരിക്കും വ്യാപാര സമുച്ചയം. ഡിപ്പോയിലെ നിലവിലെ കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റില്ല. ഇവിടുത്തെ ഗാരേജിലെ നവീകരണവും ഇതോടൊപ്പമുണ്ടാകും.
ബസ്സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നതിന് പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്‍െറ വടക്ക് ഭാഗം ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കാനും എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്.