
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ കെ എസ് യുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലി ചതയ്ക്കാനും ജയിലില്‍ അടയ്ക്കാനും സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണ്. വിവിധ ജില്ലകളിലെ മാര്‍ച്ചുകള്‍ക്ക് നേരെയും പോലീസ് അതിക്രമം ഉണ്ടായി.വിദ്യാര്‍ത്ഥികള്‍ക്കെതിരെ മൃഗീയമായ അക്രമം അഴിച്ചുവിടുകയും തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു .