മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായതോടെ മക്കള്‍ രാഷ്ട്രീയ വിവാദം വീണ്ടും കോണ്‍ഗ്രസില്‍ കത്തുകയാണ്. എ കെ ആന്റണിയെ ശക്തമായി വിമര്‍ശിച്ച് കെ എസ് യു പ്രമേയവും പാസാക്കി. ഇതോടെ മക്കള്‍ വിവാദം പുതിയ തലത്തിലേയ്ക്ക് നീങ്ങുകയാണ്.
പുത്രവാത്സല്യത്താല്‍ അങ്ങും അന്ധനായോ എന്നും സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടവ യാണെന്നും പ്രമേയത്തില്‍ പറയുന്നു. തലമുറ മാറ്റം പ്രസംഗത്തിലൊതിക്കാതെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരണമെന്നും അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷോകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നുണ്ടെന്നും വിമര്‍ശന രൂപേണ പ്രമേയത്തില്‍ പറയുന്നു.
ചില കാരണവന്മാര് പാരമ്പര്യ സ്വത്തുപോലെ മണ്ഡലങ്ങള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്നും പറഞ്ഞതോടെ അനില്‍ ആന്റണി നേതൃനിരയിലേക്ക് വരുന്നതില്‍ കെഎസ്യുവിനും എതിരഭിപ്രായമാണെന്നുള്ളത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് അനില്‍ പാര്‍ട്ടിയിലേക്ക് വന്നതെന്ന ആരോപണം ഉയരുന്ന വേളയില്‍ ഇതിന് വിശദീകരണവുമായി അനില്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്നും പുതിയ കാലത്തിനനുസരിച്ച് പാര്‍ട്ടിയെ മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും അനില്‍ ആന്റണി പറയുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഏതാനും ദിവസം മുന്‍പാണ് അനില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഇത്തരം ടെസ്റ്റ്ഡോസുകളെ നിര്‍വ്വീര്യമാക്കേണ്ടത് കെ.എസ്.യുവിന്റെ ഉത്തരവാദിത്തമാണ്. 65 വയസുണ്ടായിരിയുന്ന ആര്. ശങ്കറിനെ കടല്‍ കിഴവന് എന്നു വിളിച്ച അതേ നേതാക്കന്മാരാണ് സീറ്റുകള്‍ കയ്യടക്കിവെച്ചിരിക്കുകയാണ്. അവരുടെ ആവേശം പ്രസംഗത്തില്‍ മാത്രമാണ്. കോണ്‍ഗ്രസിലെ ചില കാരണവന്മാര് പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെയാണ് മണ്ഡലങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥ് ആണ് പ്രമേയം അവതരിപ്പിച്ചത്
എ.കെ.ആന്റണിയുടെ മകന് കോണ്‍ഗ്രസില്‍ അരങ്ങേറ്റം കുറിച്ചത് കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അനില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.തന്റെ രംഗപ്രവേശം കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും ആധുനിക ലോകത്തെ സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ചു പാര്‍ട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നും അനില്‍ ആന്റണി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെല്‍ തലവനായി അനില്‍ ആന്റണിയെ നിയമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മക്കള്‍ രാഷ്ട്രീയമെന്ന ആരോപണം ശക്തമായത്.