കോഴിക്കോട്: മുന്‍ മുസ്ലീം ലീഗി നേതാവും ഇപ്പോള്‍ ഇടത് മന്ത്രിസഭയിലെ അംഗവും ആയ കെടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കെടി ജലീല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കേരളത്തില്‍ മുസ്ലീം ലീഗിന് ശക്തമായ ബദല്‍ രൂപീകരിക്കുക എന്ന ലക്ഷ്യവുമായാണ് പാര്‍ട്ടി രൂപീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് സിപിഎമ്മിന്റെ ശക്തമായ പിന്തുണയും ഉണ്ട്. സിപിഎം നേതാക്കളുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് കെടി ജലീല്‍. ഒരിക്കല്‍ മുസ്ലീം ലീഗുമായി തെറ്റിപ്പിരിഞ്ഞ ആളാണ് കെടി ജലീല്‍. അതിന് ശേഷം, പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ചായിരുന്നു ജലീലിന്റെ രാഷ്ട്രീയ വിജയങ്ങളുടെ തുടക്കം. പിന്നീടങ്ങോട്ട് മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നും ജലീല്‍ പരാജയം അറിഞ്ഞിട്ടില്ല.
ഏറ്റവും ഒടുവില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവും ആയി. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടി എന്നതല്ല ലക്ഷ്യം വക്കുന്നത്. ദേശീയ തലത്തില്‍ തന്നെ സ്വാധീനം ചെലുത്താവുന്ന ഒരു പാര്‍ട്ടിയായി വളരുകയാണ് ലക്ഷ്യം.
കെടി ജലീലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ‘ഇന്ത്യന്‍ സെക്യുലര്‍ ലീഗ്’ എന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിലവിലുള്ള പല ഇസ്ലാമിക രാഷ്ട്രീയ സംഘടനകളും പുതിയ പാര്‍ട്ടിയില്‍ ലയിച്ചേക്കും എന്നാണ് സുചനകള്‍.
ഇടത്, ഇസ്ലാമിക സ്വഭാവമുള്ള പാര്‍ട്ടിയായിരിക്കും ഇന്ത്യന്‍ സെക്യുലര്‍ ലീഗ് എന്നാണ് സൂചന. അതോടൊപ്പം തന്നെ മതേതര സ്വഭാവവും ഉയര്‍ത്തിപ്പിടിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും, പശ്ചിമ ബംഗാളിലും അസമിലും എല്ലാം പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടാകും. വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. എന്നാല്‍ ഇതുവരെ അവര്‍ക്ക് മുന്നണി പ്രവേശനം സാധ്യമായിട്ടില്ല.
എന്നാല്‍, കെടി ജലീലിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകമായാല്‍, ആ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കും എന്നാണ് സൂചനകള്‍. അതിന് കൃത്യമായ കാരണങ്ങളും ഉണ്ട്. കെടി ജലീലിനൊപ്പം, നിലവില്‍ ഇടതുപക്ഷത്തുള്ള നാല് എംഎല്‍എമാര്‍ കൂടി രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിഎ റഹീം, കാരാട്ട് റസാഖ്, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍ എന്നിവരാണ് അവര്‍. ഇതില്‍ പിടിഎ റഹീമും കാരാട്ട് റസാഖും അബ്ദുറഹ്മാനും മുസ്ലീം ലീഗ് കോട്ടകള്‍ പിടിച്ചുകുലുക്കിയ ആളുകളാണ്.
കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ആയിരിക്കും ഇന്ത്യന്‍ സെക്യുലര്‍ ലീഗ് ഉണ്ടാവുക. അതിനായി ഈ സംസ്ഥാനങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല രാഷ്ട്രീയ സംഘടനകളും സെക്യുലര്‍ ലീഗില്‍ ലയിക്കും.
പുതിയ പാര്‍ട്ടിയില്‍ ലയിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളും…. 1. തമിഴ്‌നാട്- മനിതയാ മക്കള്‍ കട്ചി, തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകം 2. തെലങ്കാന/ആന്ധ്ര- മജ്‌ലിസ് ബച്ചാവോ തെഹ് രീക് 3. മഹാരാഷ്ട്ര- ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി 4. ഉത്തര്‍ പ്രദേശ്- പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വാമി അകത ദള്‍, ഓള്‍ ഇന്ത്യ മുസ്ലീം മജ്‌ലിസ്, ഓള്‍ ഇന്ത്യ മുസ്ലീം ഫോറം, പര്‍ച്ചം പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണല്‍ ലോക് താന്ത്രിക് പാര്‍ട്ടി, മോമിന്‍ കോണ്‍ഫറന്‍സ്, ഇത്തിഹാദ് ഇ മില്ലത് കൗണ്‍സില്‍ 5. പശ്ചിമ ബംഗാള്‍- പ്രോഗ്രസ്സീവ് മുസ്ലീം ലീഗ് 6. അസം- യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട്