തിരുവനന്തപുരം: മന്ത്രി ശശീന്ദ്രൻ പീഡനക്കേസ് ഒതുക്കാൻ ഇടപെട്ട വിവാദം എൻ.സി.പിയെ പിടിച്ചു കുലുക്കുന്നു. എൻ.സി.പിയിൽ മന്ത്രിയും ആരോപണം ഉയർത്തിയവർക്കും എതിരെ നടപടിയെടുത്തതോടെയാണ് വിവാദം ആളിക്കത്തുന്നത്. പി.സി ചാക്കോയെപ്പോലും ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തിയാണ് ഇപ്പോൾ വിവാദം കത്തിപ്പടരുന്നത്.
കുണ്ടറയിലെ യുവതിയെ അപമാനിച്ച സംഭവത്തിലെ കേസ് ഒതുക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ സംഘടനാതല നടപടിയെടുത്തതാണ് ഇപ്പോൾ പാർട്ടിയിൽ പൊട്ടിത്തെറിയ്ക്കിടയാക്കുന്നത്. എൻ.സി.പി. ശശീന്ദ്രൻ ഫോൺ സംഭാഷണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന താക്കീത് നൽകുകയും പാർടിയിലെ പല തലങ്ങളിൽ പ്രവർത്തിക്കുന്ന ആറ് നേതാക്കളെ സസ്പെന്റ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ്, എൻ വൈ സി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്പെൻഡു ചെയ്തത്. പ്രദീപ് കുമാർ മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സോഷ്യൽമീഡിയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ വിശദീകരണത്തിൽ പറയുന്നത്.
ബെനഡിക്ട് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, താൻ ഏത് കേസിലാണ് പ്രതിയായതെന്നു പി.സി ചാക്കോ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബെൻഡിക്ട് ഇതിനിടെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ എൻ.സി.പിയിൽ വിവാദം കത്തിപ്പടരുമെന്ന് ഉറപ്പായി.