കുളത്തൂപ്പുഴ:അങ്ങ് ദൂരെ മലമടക്കുകളില്‍ ചെറു അരുവികള്‍ വെള്ളിയരഞ്ഞാണം പോലെ കാണുന്നു. താഴ്‌വാരങ്ങളില്‍ പച്ചപ്പിന്റെ കുളിര്. ഇത് കുളത്തൂപ്പുഴ. നഗരത്തിന്റെ സ്പര്‍ശനമേല്‍ക്കാത്ത ഗ്രാമം. പിന്നോക്കവിഭാഗക്കാരാണ് ഇവിടെ കൂടുതലും. ഗതാഗതസൗകര്യം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യം ഇനിയുമെത്താത്ത ഊരുകളാണ് ഇവിടത്തെ പ്രത്യേകത. സഞ്ചാരികളുടെ കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഒരുപാട് പ്രകൃതിവിസ്മയങ്ങള്‍ ഇവിടുണ്ട്. മീന്‍മുട്ടിയിലെ സുയിഡൈസ് പോയിന്റും ചെറിയ തുരുത്തുകളും ചരിത്രശേഷിപ്പുകളും സഞ്ചാരികളുടെ മനസ്‌സിന് കുളിര്‍മ്മ നല്‍കുന്നു. ചെങ്കോട്ടപ്പാതയിലെ ബ്രട്ടീഷ് നിര്‍മ്മിതപാലമാണ് ഇവിടത്തെ മറ്റൊരു സവിശേഷത. കുളത്തൂശാസ്താക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കുളത്തൂപ്പുഴ ആറിന്റെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ആറ്റിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന ക്ഷേത്രമത്‌സ്യങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ചന്ദനക്കാവ് നേര്‍ച്ചപ്പള്ളിയാണ് മറ്റൊരു പ്രധാന ആരാധനാലയം. മുസ്‌ലിങ്ങള്‍ മാത്രമല്ല ഹിന്ദുക്കളും ഇവിടെയെത്തുന്നുണ്ട്. നഗരത്തിന്റെ വിഷക്കാറ്റേല്‍ക്കാതെ പ്രകൃതിയുടെ മടത്തട്ടില്‍ കഴിയാനാഗ്രഹിക്കുന്നവര്‍ക്ക് കുളത്തൂപ്പുഴയിലെത്താം. പ്രകൃതിയുടെ ഹരിതസമൃദ്ധി കണ്ടറിയാം.