ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കുല്‍ഭൂഷണ്‍ ജാദവ് നല്‍കിയതായി പാകിസ്താൻ; തെളിവുകൾ അന്താരാഷ്ട്ര കോടതിയിൽ ഹാജരാക്കും

ഇസ്‌ലാമാബാദ്: രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് നല്‍കിയതായി അവകാശപ്പെട്ട് പാകിസ്താൻ രംഗത്ത് . എന്നാല്‍ ജാദവ് നല്‍കിയതെന്ന് പറയുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ വ്യക്തമാക്കിയില്ല.

പാകിസ്താനിൽ അടുത്തിടെ നടന്ന ആക്രമണങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ജാദവ് നൽകിയതെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടുത്ത തവണ കേസ് പരിഗണിക്കുന്പോൾ ഈ തെളിവുകൾ അന്താരാഷ്ട്ര കോടതിയിൽ ഹാജരാക്കുമെന്നും സക്കറിയ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാദവ് ഇന്ത്യന്‍ ചാരനാണെന്നതിന് ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്ന് പാക് അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസഫും പറഞ്ഞു. രാജ്യാന്തര കോടതിയില്‍ മാത്രമേ തെളിവുകള്‍ കൈമാറുകയുള്ളൂ. ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടി, പാകിസ്താന്റെ തോല്‍വിയോ ഇന്ത്യയുടെ വിജയമോ അല്ല. കേസില്‍ പാകിസ്താന്റെ വിജയം സുനിശ്ചിതമാണെന്നും ഔസഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇത് രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈമാസം 18നാണ് കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തത്. റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അന്തിമവിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്താനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ നാവികസേനാ മുന്‍ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനു ബലൂചിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്‍ അറിയിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം. എന്നാല്‍, 2003ല്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ ഇറാനില്‍നിന്നും തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.

.

Top