പാലക്കാട്: എആര്‍ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണത്തിൽ കൂടുതൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുമാറിനെ കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളിയതാണെന്ന സംശയമാണ് ഭാര്യ സജിനി ഉയർത്തിയത്. ഇതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാവുകയാണ്.
ക്യാമ്പിൽ വച്ച് ജാതീയമായി അധിക്ഷേപിച്ചതും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥര്‍ മാത്രമല്ല പ്രതികളെന്നും കൂടുതൽ പേര്‍ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ലക്കിടിക്കടുത്ത് റെയിൽവെ ട്രാക്കിൽ മരിച്ച് കിടക്കുന്ന നിലയിലാണ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കൊന്ന് ട്രാക്കിൽ കൊണ്ടിട്ടതാകാമെന്നാണ് കുടുംബം ഉന്നയിക്കുന്ന ആക്ഷേപം. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതിലും ദുരൂഹതയുണ്ടെന്ന് ഭാര്യ പറയുന്നു.
മരണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന മുൻ ഡെപ്യൂട്ടി കമാണ്ടന്റ് സുരേന്ദ്രനെതിരെ നടപടി എടുക്കാത്തതിലും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. ഇയാൾ റിട്ടയഡായി പോയതിനാലാണ് അന്വേഷണം വേണ്ടരീതിയിൽ നടത്താത്തതെന്ന ന്യായീകരണമാണ് പോലീസ് ഉന്നയിച്ചതെന്നും സജിനി പറഞ്ഞു.
പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണത്തിൽ ഭാര്യ സജിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നും എസ്‍സിഎസ്‍ടി കമ്മീഷൻ മൊഴിയെടുത്തു. ക്യാമ്പിൽ ജാതിവിവേചനമാണെന്ന് ഭാര്യ സജിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‍സിഎസ്‍ടി കമ്മീഷന്‍റെ അന്വേഷണം.