കോട്ടയത്തും പെമ്പിളെ ഒരുമൈ: പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ നിരാഹാരത്തിനു; മന്ത്രിക്കു നിവേദനം നൽകാനെത്തിയവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: പാലം നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയ്ക്കു നിവേദനം കൊടുക്കാനെത്തിയ സ്ത്രീകളെ തടയുകയും, കേസെടുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കുമരകത്ത് വീട്ടമ്മമാർ നിരാഹാര സത്യാഗ്രഹത്തിൽ. കുമരകം കരിയിൽ പാലത്തിനു സമീപം താമസിക്കുന്ന അൻപതിലേറെ സ്ത്രീകളാണ് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ നിരാഹാര സത്യാഗ്രഹവുമായി പ്രതിഷേധിച്ചത്.
മെത്രാൻകായലിലെ കൊയ്ത് ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരായ തോമസ് ഐസക്കിനെയും, വി.എസ് സുനിൽകുമാറിനെയും തടഞ്ഞെന്നാണ് കുമരകം കരിയിൽ പ്രദേശത്തു താമസിക്കുന്ന നാൽപതു സ്ത്രീകൾക്കെതിരായ കേസ്. മെത്രാൻകായൽ പാടശേഖരത്തേയ്ക്കു പോകാൻ കഴിയുന്ന കരിയിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് കരിയിൽ കോളനി നിവാസികളായ നാൽപതോളം സ്ത്രീകളാണ് മാസങ്ങളായി സമരം നടത്തുന്നത്. മെത്രാൻകായലിലെ കൊയ്ത്ത് ഉത്സവത്തിനായി എത്തിയ മന്ത്രിമാർ ബോട്ടിലാണ് സ്ഥലത്തേയ്ക്കു പോയത്. ഇതിനിടെ പൊങ്ങലക്കരി കോളനിയിലേയ്ക്കുള്ള പാലത്തിന്റെയും റോഡിന്റെയും ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ തോമസ് ഐസക്കിനെയും, വി.എസ് സുനിൽകുമാറിനെയും കണ്ട് നിവേദനം നൽകുകയായിരുന്നു.
സംഭവത്തിനു ശേഷം ദിവസങ്ങൾക്കുള്ളിൽ ഈ സ്ത്രീകളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴും, സമൻസ് നൽകിയപ്പോഴുമാണ് മന്ത്രിയെ തടഞ്ഞെന്ന കുറ്റം ചുമത്തി ഇവർക്കെതിരെ കേസെടുത്തെന്നു വ്യക്തമായത്. തുടർന്നു ഇവർക്കെതിരെ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇതോടെയാണ് സ്ത്രീകൾ വീണ്ടും സമരവുമായി രംഗത്ത് എത്തിയത്. പാലം അടിയന്തരമായി നിർമിക്കണമെന്നും, ഇവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകൾ നിരാഹാര സമരം ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top