തിരുവനന്തപുരം: സാഹിത്യകാരന്‍ എം ടി.വാസുദേവന്‍ നായരെ അപമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് എം ടി അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തി. ബിജെപിയുടെ അഭിപ്രായം ബിജെപി നേതാക്കള്‍ വ്യക്തമാക്കി. അത് അപമാനിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെ ധനമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എം ടിയുടെ അഭിപ്രായത്തിന് ബിജെപി നല്‍കിയ മറുപടി സമാനമായ രീതിയില്‍ എടുത്താല്‍ മതിയാകും. സിപിഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്നം എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസം നടത്തുന്ന കുമ്മനം സമരപന്തലില്‍ വച്ചാണ് എം ടിയുടെ വിമര്‍ശനത്തെക്കുറിച്ച് മറുപടി പറഞ്ഞത്. കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം വലിയ ആപത്ത് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നേരത്തെ എം ടി അഭിപ്രായപ്പെട്ടിരുന്നു.
നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും നാണ്യവ്യവസ്ഥ അട്ടിമറിച്ചത് ജനജീവിതത്തെ നശിപ്പിച്ചുവെന്നും എം ടി കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് തയാറാക്കിയ ‘കള്ളപ്പണവേട്ട, മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്താണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിനെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.