തിരുവനന്തപുരം: പ്രവാസികാര്യവകുപ്പ് വിദേശമന്ത്രാലയത്തില്‍ തിരിച്ചേല്‍പ്പിച്ചതിനെതിരേയുള്ള പ്രചാരണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. അതേ സമയം, നേഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ ലളിതമാക്കുമെന്ന വിദേശകാര്യവകുപ്പിന്റെ ഉറപ്പ് സ്വാഗതാര്‍ഹമാണെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.
ഈ പ്രത്യേക വകുപ്പ് സൃഷ്ടിക്കുകയും അതിന് ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയെ പ്രതിഷ്ഠിക്കുകയും ചെയ്തിട്ട് ഒരു പുതിയ നേട്ടവും പ്രവാസികള്‍ക്ക് ഉണ്ടായില്ല. എട്ടു വര്‍ഷം മലയാളിയായ വയലാര്‍ രവി വകുപ്പു മന്ത്രിയായിരുന്നു. വകുപ്പിന് ഒരു സംഭാവനയും ചെയ്യാനായില്ല. അതുകൊണ്ടാണ് മന്ത്രി രവി യ്‌ക്കെതിരേ ഗള്‍ഫില്‍ പ്രവാസികള്‍ കരിദിനമാചരിച്ചത്. മലയാളി അസോസിയേഷനുകള്‍ വയലാര്‍ രവിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കി. നവമാധ്യമങ്ങളിലൂടെ പ്രതീകാത്മകമായി ചീമുട്ടയേറ് നടത്തിയതും വിസ്മരിക്കാനാകില്ല. സ്വന്തമായും സ്വതന്ത്രമായും പ്രവാസികാര്യ വകുപ്പിന് ഒന്നും ചെയ്യാനില്ല എന്ന് വയലാര്‍ രവി തന്നെ തെളിയിച്ചിട്ടുണ്ട്. വെറുതെ ക്യാബിനറ്റ് മന്ത്രിയും ഉദ്യോഗസ്ഥവൃന്ദങ്ങളും ഉണ്ടായിട്ട് കാര്യമില്ലെന്നതിനാലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവാസി വകുപ്പ് പൂര്‍വസ്ഥിതിയിലാക്കിയത്, കുമ്മനം വിശദീകരിച്ചു.
ഇതോടെ മലയാളികള്‍ക്കാണ് ഏറെ ദോഷമെന്ന പ്രചാരണം ഭാവനാസൃഷ്ടിയാണ്. മലയാളികള്‍ക്ക് മാത്രമുള്ളതല്ലിത്. ഒന്നര വര്‍ഷമായി വകുപ്പിന് മന്ത്രിയില്ല. ഒരു പ്രവാസിക്കും നഷ്ടമുണ്ടായിട്ടില്ല; നേട്ടങ്ങളുണ്ടുതാനും. പത്തു ദിവസം മുമ്പാണ് സൗദി അറേബ്യയില്‍ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശികളെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ഇടപെട്ട് മിന്നല്‍ വേഗത്തില്‍ നാട്ടിലെത്തിച്ചത്. ഇറാക്കിലും യെമനിലും ലിബിയയിലും വിദേശകാര്യവകുപ്പ് ഇടപെട്ട് പ്രവാസി ഭാരതീയരെ നാട്ടിലെത്തിച്ചത് ഒരു പോറലും ഏല്‍ക്കാതെയാണ്. യെമനില്‍ നിന്ന് മാത്രം 5600 പേരെ രക്ഷപ്പെടുത്തി.
മലയാളികളടക്കം മുന്നൂറോളം നഴ്‌സുമാരെ യുദ്ധക്കളത്തില്‍ നിന്ന് രക്ഷിച്ചതിന്റെ നയതന്ത്രം എങ്ങനെയായിരുന്നു എന്ന് അദ്ഭുതത്തോടെയാണ് ലോകം കണ്ടത്. യെമനില്‍ കുടുങ്ങിപ്പോയ 48 രാജ്യങ്ങളിലെ പൗരന്മാരെ ഭാരതമാണ് രക്ഷിച്ചത്. പ്രവാസികാര്യവകുപ്പ് ഒരു പോസ്റ്റുമാനെപ്പോലെ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്ത് എന്ത് ഇടപെടല്‍ നടത്താനും വിദേശകാര്യ വകുപ്പിനേ സാധിക്കൂ. മോദി സര്‍ക്കാര്‍അത് നന്നായി ചെയ്യുന്നുമുണ്ട്, കുമ്മനം വിശദീകരിച്ചു.
നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ ഒരാഴ്ചയ്ക്കകം ലളിതമാക്കുമെന്ന വിദേശകാര്യവകുപ്പു മന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പ് വ്യാപകമായതോടെയാണ് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നടത്തണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. കേരളത്തില്‍ നോര്‍ക്ക റൂട്‌സും ഒഡേപെക്കും ആണ് ഔദ്യോഗിക ഏജന്‍സിയെന്നും കുമ്മനം ചൂണ്ടിക്കാട്ടി.