
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സര്‍ക്കാരാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു നല്ലതും സര്‍ക്കാരിനെക്കുറിച്ച് പറയാനില്ല. ഒന്നും ചെയ്യാത്ത ഇടതുമുന്നണി സര്‍ക്കാര്‍ പരാജയത്തിന്റെ ജാള്യത മറയ്ക്കാന്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്നും കുമ്മനം ആരോപിക്കുന്നു.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കുമ്മനം. സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ മറ്റാരെയും തങ്ങള്‍ അനുവദിയ്ക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഇത്തരം അക്രമങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കുമ്മനം പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ തേര്‍വാഴ്ച്ചയാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണം. അക്രമത്തിലൂടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തെ ഭരണത്തിനിടെ സമാനതകളില്ലാത്ത ആക്രമണമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായത്. ആക്രമണങ്ങളെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. ഇതിനിടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടത്തിയയാളുടെ ദൃശ്യം പുറത്തു വന്നു. അക്രമി ബൈക്കില്‍ കടന്നു പോകുന്ന ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. ബിജെപി ഓഫീസിനടുത്തായുള്ള വീടിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.