സിനിമാ ഡെസ്‌ക്
കൊച്ചി: തന്നെ കൊലപ്പെടുത്താൻ ആഗ്രഹിച്ച താരത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചു- കുഞ്ചാക്കോ ബോബൻ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച ഈ വാക്കുകൾ ശരാശരി മലയാള സിനിമാ പ്രേക്ഷകരെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ, പോസ്റ്റിനു പിന്നിലെ കഥ അറിഞ്ഞതോടെ ചിരിച്ചു വശം കെട്ടു നാട്ടുകാർ.
”എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം…. അത് കൂടുതൽ സന്തോഷം തരുന്നത്, ഒരുമിച്ചു അഭിനയിച്ച ‘രാമന്റെ ഏദൻതോട്ടം ‘ പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്നേഹവും ലഭിച്ചു തീയേറ്ററുകളിൽ നിറഞ്ഞു പ്രദര്ശിപ്പിക്കുന്നതാണ്…..???? സന്തോഷം ,വർമാജി എന്ന പിഷാരടി”
താഴെ രമേഷ് പിഷാരടിയുടെ ചിത്രവും സംഭവത്തിന് പിന്നിലുള്ള കഥയും. റെഡ് എഫ്.എമ്മിൽ ആർ.ജെ മാത്തുകുട്ടിയുമായുള്ള സംഭാഷണത്തിൽ കുഞ്ചാക്കോ ബോബനോട് ഒരിക്കൽ തനിക്കു തോന്നിയ ദേഷ്യം പിഷാരടി പങ്കുവയ്ക്കുന്നുണ്ട്. അനിയത്തിപ്രാവ് ഇറങ്ങിയ സമയത്താണത്. അനിയത്തിപ്രാവ് ഇറങ്ങിയതോടെ കുഞ്ചാക്കോ ബോബനോട് എല്ലാവർക്കും ഉണ്ടായ ആരാധന തന്നെ ആസൂയപ്പെടുത്തിയെന്നും കുഞ്ചാക്കോ ബോബനെ കൊല്ലാൻ ആഗ്രഹിച്ചെന്നുമാണ് പിഷാരടി പറഞ്ഞത്. 1997 ൽ അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് ആരെങ്കിലും ഒരു തോക്ക് തന്നിട്ട് കുഞ്ചാക്കോ ബോബനെ കൊല്ലാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ നേരെ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. കാരണം അയാളൊരു പ്രശ്‌നക്കാരനായിരുന്നു. എന്റെ ക്ലാസ്‌മേറ്റിന്റെ കൈയിലെ ഓട്ടോഗ്രാഫ് ബുക്കിൽ ഞാൻ അയാളുടെ ഫോട്ടോ കണ്ടു. അതുകൊണ്ട് ഞാനവളുടെ ഓട്ടോഗ്രാഫിൽ ഒന്നും എഴുതിയില്ല. കാരണം കുഞ്ചാക്കോ ബോബനോടുള്ള എന്റെ അസൂയയായിരുന്നു. എനിക്കതൊന്നും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല- രമേഷ് പിഷാരടി അഭിമുഖത്തിൽ പറയുന്നു.
ഇതിന് പിന്നാലെ സ്വയം ട്രോളുമായി പിഷാരടി കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഒരു കൈയബദ്ധം നാറ്റിക്കരുത് ….പരസ്യമായി ഗുരു പൂജ ചെയ്‌തോളാം എന്നായിരുന്നു പിഷാരടിയുടെ അഭ്യർത്ഥന.
കുഞ്ചാക്കോ ബോബൻ നായകനായ രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് രമേഷ് പിഷാരടി അവതരിപ്പിച്ചത്.