എറണാകുളത്തെ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് മലയാളികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നന്മയുടെ ബാക്കി പത്രം. വയോധികനായ ജോണ്‍സണ്‍ ഡിക്രൂസ് ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി മരിച്ചപ്പോള്‍ ആ ചോര തെറിക്കുന്നത് ഓരോ മലയാളിയുടെയും മുഖത്തേയ്ക്ക് കൂടിയാണ്. അനീതികള്‍ക്കെതിരായ സമരങ്ങളുടെ തീ ഒറ്റയ്ക്ക് ആവാഹിച്ച ജീവിതമായിരുന്നു അത്.
പേരയം കരിക്കുഴി നിര്‍മല സദനത്തില്‍ ജോണ്‍സണ്‍ ഡിക്രൂസിന്റെ ജീവിതത്തിന്റെ നല്ലൊരേടും കോടതിയും വ്യവഹാരവുമായിരുന്നു. ഒടുവില്‍ കോടതി മുറ്റത്ത് ആ ജീവിതം അവസാനിപ്പിച്ചു. കേസിനായി കോടതിയിലെത്തിയശേഷം കെട്ടിടത്തിനു മുകളില്‍നിന്നു താഴേക്കു ചാടി ജീവനൊടുക്കുകയായിരുന്നു ജോണ്‍സണ്‍. അവിവാഹിതനായ ജോണ്‍സണ്‍ ബിഹാറില്‍ ധന്‍ബാദില്‍ ഹോങ്‌കോങ് ഗ്രില്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. പാര്‍ലമെന്റിനു മുന്നില്‍ ജോണ്‍സണ്‍ നടത്തിയ പ്രതിഷേധ പ്രകടനം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ഉത്തരേന്ത്യയില്‍ മലയാളി നഴ്‌സുമാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍, പ്രത്യേകിച്ചു നാഗപ്പൂരിലെ സിസ്റ്റര്‍ മേരി പോള്‍ വധം നടന്നശേഷം ജോണ്‍സണ്‍ രംഗത്തിറങ്ങി. ഡല്‍ഹി ഇന്ത്യാഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ ശരീരം മുഴുവന്‍ മുള്ളുകമ്പി കൊണ്ടു വരിഞ്ഞുകെട്ടി നടത്തിയ പ്രകടനം പൂര്‍ത്തിയാകും മുന്‍പു പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ ജോണ്‍സണ് കണ്ണിനും ആമാശയത്തിനും ഗുരുതരമായി പരുക്കേറ്റു.
മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരുന്ന എ.പി.ശര്‍മ മലയാളി വനിതകളെപ്പറ്റി മോശമായ പരാമര്‍ശം നടത്തിയപ്പോഴും പ്രതിഷേധിക്കാന്‍ ജോണ്‍സണ്‍ ഉണ്ടായിരുന്നു. ശര്‍മയെ പ്രതിഷേധം അറിയിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍സണ്‍ കേരളത്തിലെ എല്ലാ എംഎല്‍എമാര്‍ക്കും കത്തയച്ചു. മറുപടി അയച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രി കെ.ചന്ദ്രശേഖരന്‍ മാത്രമായിരുന്നു.
മലയാളികളുടെ ദുഃഖങ്ങളില്‍ പങ്കുചേരുക ജീവിതവ്രതമാക്കിയിരുന്ന ജോണ്‍സണ്‍ പെരുമണ്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഉത്തരേന്ത്യയിലെ മലയാളികളില്‍ നിന്നു പണം ശേഖരിച്ചു മണിയോര്‍ഡറായി അയച്ചുകൊടുത്തിരുന്നു.
20 വര്‍ഷം മുന്‍പാണു നാട്ടില്‍ മടങ്ങിയെത്തിയത്. സഹോദരന്‍ ആഞ്ചലോസ് ഡിക്രൂസിന്റെ വീട്ടിലായിരുന്നു താമസം. സഹോദരന്റെ മകനുമായി ചേര്‍ന്നു പഴയ ഇരുചക്രവാഹനങ്ങള്‍ വാങ്ങി മോടിപിടിപ്പിച്ചു വില്‍പന നടത്തുകയായിരുന്നു. ഇതോടൊപ്പം പൊതുജന താല്‍പര്യമുള്ള കേസുകള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്തു. നിയമസഹായം ആവശ്യമായവരോടൊപ്പം എന്നും ജോണ്‍സണ്‍ ഉണ്ടായിരുന്നു.
കുമ്പളം സ്വദേശി യേശുദാസന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ സുരക്ഷാ ജീവനക്കാരന്റെ മര്‍ദനമേറ്റു മരിച്ച കേസ് ഏറ്റെടുത്തു നടത്തിയ ജോണ്‍സണ്‍ വീട്ടുകാര്‍ക്കു നഷ്ടപരിഹാരത്തുക വാങ്ങി നല്‍കി. വീടിന്റെ പരിസരത്തെ റോഡിനു സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടു ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ല.
തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചു. ഏഴു വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ഭിത്തി നിര്‍മിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല. വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണു കേസിന്റെ ആവശ്യത്തിനായി ജോണ്‍സണ്‍ എറണാകുളത്തേക്കു പോയത്. ഏഴാം നിലയില്‍ താഴേയ്ക്ക് ചാടാനായി തയ്യാറെടുക്കുന്നത് ശ്രദ്ധയില്‍പെട്ട ചിലര്‍ ബഹളം വച്ചെങ്കിലും പിന്തിരിഞ്ഞില്ല. ഒന്നാം നിലയുടെ പാരപ്പറ്റില്‍ തട്ടിയശേഷം താഴെ വീഴുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
ജോണ്‍സണ്‍ മരണപ്പെട്ട ശേഷം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്കുള്ള വാര്‍ത്ത ഇടുന്ന ബോക്‌സിലാണ് ജോണ്‍സന്റെ കേസുമായി ബന്ധപ്പെട്ട രേഖകളും ഒരു കത്തു കണ്ടെത്തിയത്. കത്തിലെ വരികള്‍ ഇങ്ങനെ തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. താന്‍ ജീവിച്ചിരിക്കുമ്പോള്‍ വീട് ഇടിഞ്ഞ് വീഴുന്നത് കാണാന്‍ കഴിയില്ല. പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാനുണ്ട് എന്നാല്‍ ഇവിടെ വ്യക്തിയ്ക്ക് ഒരു വിലയുമില്ല. നല്ലവരായ പത്ര പ്രവര്‍ത്തകര്‍ക്ക് തന്റെ വീട്ടില്‍ പോകാം ഞാന്‍ പോകുകയാണ്. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചുവെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. വിവരമറിഞ്ഞു ബന്ധുക്കള്‍ എറണാകുളത്ത് എത്തുകയായിരുന്നു.