കുണ്ടറയിലെ പത്ത് വയസുകാരിക്ക് സ്വന്തം അപ്പൂപ്പനില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം. പീഡനത്തിനിരയായ അനില മരിച്ച സംഭവത്തില്‍ കുട്ടിയുടെ അപ്പൂപ്പന്‍ വിക്ടറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മൂന്ന് ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിക്ടര്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്. പ്രമുഖ ക്രിമിനല്‍ വക്കീലിന്റെ ഗുമസ്തനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന പ്രതി തന്റെ മകളോടും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. പ്രതിയുടെ ക്രിമിനല്‍ സ്വഭാവത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും കുട്ടിയെ ഇയാള്‍ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്ന് തെളിഞ്ഞു. അപ്പൂപ്പന്‍ തങ്ങളോട് മോശമായി പെരുമാറുന്നയായി അനിലയും ചേച്ചിയും പല തവണ അമ്മൂമ്മ ലതയോടും അമ്മ ഷീജയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇനിന് പിന്നില്‍ പ്രതിയുടെ ക്രിമിനല്‍ ബുദ്ധിയാണെന്നാണ് അനുമാനിക്കുന്നത്
സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്ത കാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വരുകയാണ്. മകളുടെ വീടിനടുത്ത് തന്നെ മറ്റൊരു വീട് വാങ്ങിയാണ് വിക്ടറും ഭാര്യയും താമസിക്കുന്നത്. കുട്ടികളുടെ അമ്മ ഷീജ, ഭര്‍ത്താവ് ജോസ് തന്റെ മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സി.ഐക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ,ജോസ് വീട്ടില്‍ വരാതായതോടെ മക്കളും ഷീജയും വിക്ടറിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. സ്വന്തം മകളുമായും ഇയാള്‍ക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അപ്പൂപ്പന്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഷീജ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ ,ഇവിടെയെത്തിയും ഇയാള്‍ പീഡനം തുടര്‍ന്നതോടെയാണ് ജനുവരി 15ന് ഉച്ചയോടെ അനില കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്.
ലോക്കല്‍ പൊലീസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും , പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയുടെ പിതാവ് ജോസ് പരാതിയുമായി രംഗത്തെത്തി. കെ.എസ്.ഇ.ബിയില്‍ ലൈന്‍മാനായ ജോസ് മദ്യപാനിയായതിനാല്‍ ഇയാളുടെ പരാതിക്ക് ആരും വലിയ ഗൗരവം നല്‍കിയില്ല. എന്നാല്‍ ,മാദ്ധ്യമ വാര്‍ത്തകളും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും കൂടിയായപ്പോള്‍ കേസ് വിവാദമായി. തുടര്‍ന്ന് ,കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍. ഷാബുവിനെയും എസ്.ഐ രജീഷിനെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍ അന്വേഷണത്തില്‍ നേരിട്ട് ഇടപെടുകയും ,ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. രണ്ട് ഡിവൈ.എസ്.പിമാരും ആറ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരും 10 എസ്.ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
ആറാം ക്‌ളാസുകാരിയായ അനില പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അപ്പൂപ്പന്‍ വിക്ടറെ തുടക്കം മുതലേ പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍, പ്രമുഖ ക്രിമിനല്‍ വക്കീലിന്റെ ഗുമസ്തനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന ഇയാളെ സാധാരണ ഗതിയില്‍ ചോദ്യം ചെയ്തത് കൊണ്ട് കാര്യമില്ലെന്ന് പൊലീസിന് ബോദ്ധ്യമായിരുന്നു.വിക്ടറെയും മകള്‍ ഷീജയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മറുപടികളെല്ലാം ഇവര്‍ മുന്‍കൂട്ടി പഠിച്ചു വച്ചത് പോലെയായിരുന്നു.
തുടര്‍ന്ന്, ഇരുവരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി തേടി പൊലീസ് കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതിനിടെ, അനിലയുടെ ചേച്ചിയും അമ്മൂമ്മയും ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇയാളുടെ അറസ്റ്റിന് വഴി വച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.