
മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെ. ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ വേങ്ങര എംഎല്‍എയും മുതിര്‍ന്ന നേതാവുമായി പി കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ഐക്യകണ്ഠേനയാണ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും കേരളത്തിലെ യുഡിഎഫ് സംവിധാനത്തില്‍ കുഞ്ഞാലിക്കുട്ടി ഇടപെടല്‍ നടത്തുമെന്ന് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ യോഗത്തില്‍ കാര്യമായ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന പ്രഖ്യാപനം കാത്ത് നിരവധി പ്രവര്‍ത്തകരാണ് പാണക്കാടെത്തിയത്. മുന്‍ഗാമികള്‍ കാണിച്ചു തന്ന മാര്‍ഗത്തിലൂടെ സഞ്ചരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി മോഹവുമായി ഇ അഹമ്മദിന്റെ മകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം നേതൃത്വം തള്ളിയെന്ന് മനസിലാക്കാം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുമാണ് മലപ്പുറത്ത് ലീഗ് നേതൃയോഗം ചേര്‍ന്നത്. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. ഇതേക്കുറിച്ചും യോഗത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും ചര്‍ച്ചയായില്ല. ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ എതിര്‍പ്പുള്ളവരുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. യു.ഡി.എഫ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലേക്ക് ചുവടുമാറ്റുന്നതില്‍ എതിര്‍പ്പുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിരുന്നു.
മലപ്പുറം ഉള്‍പ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭയിലുള്ളത്. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും ഇ. അഹമ്മദ് ജയിച്ചു കയറിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെ ഭൂരിപക്ഷം ഇനിയും കൂടുമെന്ന കാര്യം ഉറപ്പായി. ബി.കോം ബിരുദവും ബിസിനസ്സില്‍ പി.ജി ഡിപ്ലോമയുമുള്ള കുഞ്ഞാലിക്കുട്ടി എം.എസ്.എഫിലൂടെയാണ് വിദ്യാര്‍ത്ഥി രാഷ്ടീയത്തിലെത്തിയത്. മുസ്ലിംലീഗിന്റെ സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായാണ് പൊതുരംഗത്ത് വന്നത്. ആറു തവണ അസംബ്ലിയിലെത്തി. 1995-96 ല്‍ വ്യവസായ നഗരസഭാകാര്യ മന്ത്രിയായി. 2001-2004 എ.കെ. ആന്റണി മന്ത്രിസഭയില്‍ വ്യവസായ ഐ.ടി.സാമൂഹ്യ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ രണ്ട് മന്ത്രിസഭകളിലും വ്യവസായ വകുപ്പായിരുന്നു കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തത്.