മലപ്പുറം: ദേശിയരാഷ്ടീയത്തിലേയക്ക് സീറ്റുറപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും ഇനി മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുഞ്ഞാലിക്കുട്ടിയിലൂടെയാകും ഇനി ദേശീയ തലത്തില്‍ നടപ്പാക്കാന്‍ പോവുക. ഇ അഹമ്മദിനെ പോലെ ദേശീയ രാഷ്ട്രീയത്തില്‍ മുന്നിലെത്താനുള്ള നയതന്ത്രമികവ് കുഞ്ഞാലിക്കുട്ടിക്കുണ്ട്. അറബ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് തിരഞ്ഞെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയെന്നാണ് വിലയിരുത്തല്‍.
ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന ലീഗ് യോഗം പാര്‍ട്ടി ഭരണഘടനയില്‍ രണ്ടു സുപ്രധാന മാറ്റങ്ങള്‍ വരുത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി എന്ന പദവി പുതുതായി സൃഷ്ടിക്കാന്‍ തീരുമാനിച്ചതാണ് അതിലൊന്ന്. അങ്ങനെ, നിലവിലെ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ ആദ്യ ഓര്‍ഗനൈസിങ് സെക്രട്ടറിയാവുകയും ചെയ്തു. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനം ഇനി മുതല്‍ അലങ്കരിക്കുക ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കും എന്നൊരു ഭേദഗതിയും ഭരണഘടനയിലുണ്ടാക്കി. നിലവില്‍ ദേശീയ പ്രസിഡന്റാണ് ആ പദവിയിലെത്തിയിരുന്നത്. ഹൈദരലി തങ്ങളെ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രധാന പദവികളിലൊന്നിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഇനി ദേശീയ തലത്തിലെ നയരൂപീകരണത്തിലും അവസാന വാക്ക് പാണക്കാട് തങ്ങള്‍ തന്നെയാകും.
മലപ്പുറത്ത് തിരഞ്ഞെടുപ്പു തീയതി വരുന്നതുവരെ ഒന്നും വിട്ടുപറയാന്‍ ലീഗ് നേതൃത്വം തയാറല്ല. എട്ടു വര്‍ഷത്തോളം ദേശീയ അധ്യക്ഷപദവിയില്‍ തിളങ്ങിയ ഇ.അഹമ്മദിന്റെ അസാന്നിധ്യം അറിയിക്കാതെ ന്യൂഡല്‍ഹിയിലെ രാഷ്ട്രീയവേദികളില്‍ ലീഗിന്റെ ശബ്ദമാകുകയെന്ന വെല്ലുവിളി കുഞ്ഞാലിക്കുട്ടിക്ക് കാര്യക്ഷ്മമായി നിര്‍വ്വിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കെ.എം.സീതി സാഹിബും സി.എച്ച്.മുഹമ്മദ് കോയയും ഇരുന്ന കസേരയിലേക്കാണു കുഞ്ഞാലിക്കുട്ടി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍, അദ്ദേഹം പ്രതിനിധീകരിക്കുന്ന വേങ്ങര നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായതു പി.വി.അബ്ദുല്‍ വഹാബിന്റെ ട്രഷറര്‍ പദവിയാണ്. സംസ്ഥാന സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ പദവികള്‍ മാത്രമാണു പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. നിലവിലെ ദേശീയ സെക്രട്ടറിമാരിലൊരാള്‍ ട്രഷറര്‍ ആകുമെന്നായിരുന്നു സൂചനകളെങ്കിലും ഒടുവില്‍ വഹാബിനെ ആ സ്ഥാനത്തേക്കു നിശ്ചയിക്കുകയായിരുന്നു. ദേശീയ സെക്രട്ടറിയായ എംപി.അബ്ദുസ്സമദ് സമദാനി ആ പദവിയില്‍ തുടരും.
കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായി തുടരുന്നതിനിടെയാണ് ചെന്നൈയില്‍ ഞായറാഴ്ചചേര്‍ന്ന മുസ്ലിംലീഗ് ദേശീയ പ്രവര്‍ത്തക സമിതിയോഗം അദ്ദേഹത്തെ പുതിയ സ്ഥാനമേല്‍പ്പിച്ചത്. ഇ. അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിതന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. അതോടെ ഇ. അഹമ്മദിന്റെ പകരക്കാരനായി അദ്ദേഹം എത്താനുള്ള സാധ്യതയുമേറി. ദേശീയഭാരവാഹികളെ തീരുമാനിച്ചതോടെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള പാര്‍ട്ടിതലചര്‍ച്ചകളും ഉടന്‍ തുടങ്ങും. കുഞ്ഞാലിക്കുട്ടി മത്സരിക്കാന്‍ സന്നദ്ധനാണെങ്കില്‍ ലീഗിന് സ്ഥാനാര്‍ത്ഥിനിര്‍ണയം എളുപ്പമാകും. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ആവര്‍ത്തിക്കുന്ന അദ്ദേഹം സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത സജീവമാക്കുകയാണ്.
ഇതുവരെ അഖിലേന്ത്യാ ട്രഷറര്‍ സ്ഥാനത്തുണ്ടായിരുന്നെങ്കിലും ദേശീയതലത്തില്‍ കുഞ്ഞാലിക്കുട്ടി കാര്യമായി ഇടപെട്ടിരുന്നില്ല. സോണിയാഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം കുഞ്ഞാലിക്കുട്ടിക്കുണ്ട്. മലപ്പുറത്ത് നിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയാല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ കാര്യമായ നഷ്ടങ്ങളില്ലാതെ കുഞ്ഞാലിക്കുട്ടിക്ക് ദേശീയതലത്തില്‍ ബലപരീക്ഷണം നടത്താനാകും.
സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാരിന് നാലുവര്‍ഷംകൂടി കാലാവധിയുണ്ട്. അതിനിടെ ദേശീയതലത്തില്‍ ചുവടുറപ്പിക്കാനായില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചെത്താം. ദേശീയ ജനറല്‍സെക്രട്ടറി സ്ഥാനത്തുള്ളതിനാല്‍ കേരളത്തിനകത്തും പുറത്തും കുഞ്ഞാലിക്കുട്ടി തന്നെയാകും പാര്‍ട്ടിയിലെ അമരക്കാരന്‍