മനുഷ്യന്റെ മരണവുമായി ബന്ധപ്പെട്ട് യുക്തിരഹിതവും സംസ്‌ക്കാരശൂന്യവുമായ പല ചടങ്ങുകളും മതവിശ്വാസികള്‍ക്കിടയിലുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മൃതദേഹത്തെ കുളിപ്പിക്കുക എന്ന ചടങ്ങാണ്. ജീവിച്ചിരിക്കുമ്പോള്‍ സൂക്ഷ്മതയോടെ മറച്ചുവയ്ക്കുന്ന ശരീരഭാഗങ്ങള്‍ കുളിപ്പിക്കല്‍ എന്ന പേരില്‍ മരണാനന്തരം അതിക്രമിച്ചു കാണുന്നത് നിന്ദയായേ കണക്കാക്കാന്‍ കഴിയൂ. വായ്ക്കരിയിടുക, മുണ്ടിന്റെ കോന്തലയ്ക്കല്‍ പണം കെട്ടിവയ്ക്കുക തുടങ്ങിയവയും യുക്തിക്ക് നിരക്കുന്നതല്ല. പരലോകത്തേയ്ക്ക് പോകുമ്പോഴുള്ള നദി കടക്കുവാന്‍ വഞ്ചിക്കൂലി എന്ന നിലയിലാണ് പണം കെട്ടിവയ്ക്കുന്നത്. ഈ പ്രവൃത്തിയുടെ അര്‍ത്ഥശൂന്യത തിരിച്ചറിഞ്ഞതുകൊണ്ടോ പരലോകത്തെ പുഴയില്‍ പാലം കെട്ടിയതുകൊണ്ടോ ആയിരിക്കാം ഇപ്പോഴാരും ആ ചടങ്ങ് നടത്താറില്ല.
മൃതദേഹത്തിനരികില്‍ ഇരുന്നു കരയുക എന്ന കര്‍ത്തവ്യമാണ് സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്. സംസ്‌കരിക്കുന്ന സ്ഥലത്തേയ്ക്ക് സ്ത്രീകള്‍ ചെല്ലാന്‍ പാടില്ല. ചിതയ്ക്ക് തീ കൊളുത്തേണ്ടത് ആണ്‍മക്കളോ അനന്തരവന്മാരോ ആയിരിക്കണം.
കത്തുന്ന ചിതയ്ക്കരികിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നത് സതി അനുഷ്ഠിക്കേണ്ടിവരുമ്പോള്‍ മാത്രമാണ്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യയും മരിക്കണം എന്നതായിരുന്നു ആചാര്യവിധി. ഭാര്യയ്ക്ക് ഇതില്‍ താല്‍പര്യമില്ലെങ്കില്‍ ഷെഹ്നായിയുടേയും ഡോലക്കിന്റേയും ഭ്രാന്തശബ്ദങ്ങളെ മറയാക്കി വിധവയെ ബലമായി ചിതയിലേക്ക് വലിച്ചെറിയുമായിരുന്നു. അതിനുശേഷം അവരെ സതിയായി പ്രഖ്യാപിക്കുകയും ക്ഷേത്രം പണിയുകയും ചെയ്യും. രാജാറാംമോഹന്റോയിക്കുശേഷം സ്വതന്ത്ര ഇന്ത്യയില്‍പോലും സതി അനുഷ്ഠിക്കപ്പെട്ടിട്ടുണ്ട്.
ഈ ആചാരത്തെ കവിതയിലൂടെ പരിഹസിച്ചത് മഹാകവി ഉള്ളൂരാണ്. സതിക്കെതിരെ നിലപാടെടുത്ത സായിപ്പിനെ ഒരു കൂട്ടം ഹിന്ദുമത വിശ്വാസികള്‍ പോയി കാണുന്നു. സതി പവിത്രമായ ഹിന്ദുമത ആചാരമാണെന്നും ഇതില്‍ ഇടപെടരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുവാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന ഒരു നിയമം യൂറോപ്പിലുണ്ടെന്നും അത് നടപ്പാക്കുമെന്നും സായിപ്പ് പറഞ്ഞപ്പോഴാണ് കവിതയില്‍ ആചാരാനുകൂലികള്‍ അപ്രത്യക്ഷരായത്.
കിളിമാനൂര്‍ അടയമണിലുള്ള ബി ഹരിദാസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെയും ഭാര്യയുടേയും ഹിതമനുസരിച്ച് മകള്‍ ദിവ്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മരുമകന്‍ നെസിനും ഒപ്പം ചേര്‍ന്നു. മരുമകന്റെ മാതാപിതാക്കളായ ഞങ്ങളടക്കം ഒരു വലിയ ജനസമൂഹം ഈ അപൂര്‍വ ദൃശ്യത്തിന് സാക്ഷികളായി.
അച്ഛനും മകളും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിവസം മുതല്‍ മരണദിവസം വരെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട് അവര്‍ അരികില്‍ത്തന്നെയുണ്ടായിരുന്നു. അച്ഛനെ നന്നായി പരിചരിച്ചു എന്ന ഉത്തമബോധ്യം അവര്‍ക്ക് ഉണ്ടായിരുന്നതിനാല്‍ മരണാനന്തര ചടങ്ങുകളായ സഞ്ചയനവും കുളിയും വേണ്ടെന്നു വയ്ക്കുവാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സമീപദിവസം തന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി അനുസ്മരണയോഗവും അവര്‍ നടത്തി.
ദുരാചാര പ്രകാരം കുളിച്ചു പിരിഞ്ഞിരുന്നുവെങ്കില്‍ അറിയാന്‍ സാധ്യതയില്ലാത്ത കുറേ കാര്യങ്ങള്‍ പരേതനെക്കുറിച്ച് അറിയാന്‍ കഴിയുമായിരുന്നില്ല. യൂണിയന്‍ കാര്‍ബൈഡ് ദുരന്തം ഉണ്ടായ സമയത്ത് അദ്ദേഹവും കുടുംബവും ഭോപ്പാലില്‍ ആയിരുന്നു. വാര്‍ത്താവിനിമയ ബന്ധങ്ങളും വെളിച്ചവും അടക്കം എല്ലാം തകര്‍ന്നപ്പോള്‍ ഹാം റേഡിയോ വിദഗ്ധനായ ഹരിദാസ് അറിയിപ്പുകള്‍ കൊടുക്കാനും മറ്റ് സംവിധാനങ്ങള്‍ സജ്ജമാക്കാനും പരമാവധി ആളുകളെ രക്ഷിക്കാനും കഠിന പരിശ്രമം നടത്തിയ കാര്യം സഹപ്രവര്‍ത്തകന്‍ രവിയുടെ വാക്കുകളിലൂടെ നാട്ടുകാരും ബന്ധുക്കളും അറിഞ്ഞു. കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പിടിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചപ്പോള്‍ എല്ലാ ദിവസവും സ്‌കൂളിലെത്തി കെട്ടിടനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കാര്യം ഇപ്പോഴും പ്രബലമായി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടത്തെ ഓര്‍മിച്ചുകൊണ്ട് അധ്യാപകനായ രാജേഷ് സാക്ഷ്യപ്പെടുത്തി.
മകളുടെ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് താലി അടക്കമുള്ള മതാചാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നടത്തിയതും പരാമര്‍ശിക്കപ്പെട്ടു. വിവാഹസദ്യയ്ക്ക് മത്സ്യം വിളമ്പി വ്യത്യസ്തത പുലര്‍ത്തിയതും ഓര്‍മിക്കപ്പെട്ടു.
മരണാനന്തരം കുളി, സഞ്ചയനം തുടങ്ങിയ ദുരാചാരങ്ങള്‍ നടത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് മരിച്ചവരെ അനുസ്മരിക്കുന്നത് നന്നായിരിക്കും. സ്ത്രീകളെ അബലകളാക്കി മാറ്റിനിര്‍ത്താതെ മരണത്തെത്തുടര്‍ന്നുള്ള എല്ലാ കാര്യങ്ങളിലും സഹകരിപ്പിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീ തീ കൊളുത്തിയാല്‍ അടുപ്പു മാത്രമല്ല, ചിതയും കത്തും.
കടപ്പാട് ജനയുഗം