എറണാകുളം: കുട്ടികലോത്സവത്തിലും കോഴ ആരോപണം. കലോത്സവത്തില്‍ വിജയിക്കാന്‍ വിധികര്‍ത്താക്കളെ മാതാപിതാക്കള്‍ സ്വാധീനിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. റവന്യു ജില്ലാ കലോത്സവത്തില്‍ വിധി നിര്‍ണയിക്കുന്നതിനായി മുതിര്‍ന്ന ചാനല്‍ പ്രവര്ത്തകന് ഇടനിലക്കാരനായി പ്രവര്തതിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
30000 മുതല്‍ 75000 രൂപ വരെയാണു ഇടനിലക്കാര്‍ കോഴ ആവശ്യപ്പെട്ടതെന്നു രക്ഷിതാക്കളുടെയും പരിശീലകരുടെയും വെളിപ്പെടുത്തല്‍. കോഴവാങ്ങി മത്സരത്തിനു മുമ്പേ ഫലം നിശ്ചയിച്ചുവെന്ന ആരോപണം ശരിവച്ച് ഇന്നലെ രാവിലെ നടന്ന രണ്ടു നൃത്ത മത്സരങ്ങളുടെ ഫലം റദ്ദാക്കിയതോടെയാണു കോഴക്കളി മറനീക്കി പുറത്തുവന്നത്.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുമായി ബന്ധമുള്ള ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരനാണു വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായതെന്ന് ആക്ഷേപമുണ്ട്.
മോണോ ആക്ട് മത്സരത്തിലെ വിധിനിര്‍ണയത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച സിനിമാപ്രവര്‍ത്തകനും മത്സരാര്ഥിയുെട രക്ഷിതാവുമായ ഒരാള്‍ ഇദ്ദേഹത്തിന്റെ പേര് വിളിച്ചുപറയുന്നുണ്ടായിരുന്നു. 30000 മുതല്‍ 75000 രൂപ വരെയാണ് കൈക്കൂലി ആവശ്യപ്പെടുന്നതെന്നു പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത സിനിമാപ്രവര്ത്തകന് പറഞ്ഞു. മത്സരത്തിനു മുമ്പു തന്നെ ഫലം താന്‍ വെളിപ്പെടുത്തിയിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ ആ കുട്ടിക്കു തന്നെയായിരുന്നു ഒന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്ന കുട്ടി ഇക്കുറി ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നില്‍ കോഴയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമാമേഖലയിലുള്ള മൂന്നു പേരെ മിമിക്രി, മോണോ ആക്ട് മത്സരങ്ങളുടെ വിധികര്‍ത്താക്കളാക്കിയത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കലോത്സവത്തില്‍ അഴിമതി ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പു കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിലെ പഴുതുകള്‍ കണ്ടെത്തിയാണു ഇടനിലക്കാര്‍ സമ്മാന ലേലം വിളി നടത്തുന്നതത്രെ. വിദ്യാഭ്യാസ വകുപ്പിലെ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കുന്നതില്‍ ഇത്തരം ഇടനിലക്കാരുടെ സ്വാധീനമുണ്ടെന്ന് ആരോപണമുയരുന്നുണ്ട്.
കോതമംഗലം കലോത്സവത്തിലെ വിധികര്‍ത്താക്കളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ആരോപണങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിധികര്‍ത്താക്കളെ പാനലില്‍ നിന്നു ടോസിലൂടെ തീരുമാനിക്കാനാണ് ഡിഡിഇയുടെ തീരുമാനം.
വിധികര്‍ത്താക്കളുടെ പൂര്‍ണമായ ബയോഡാറ്റ വിധി നിര്‍ണയത്തിനു മുമ്പ് സംഘാടകര്‍ വാങ്ങി സൂക്ഷിക്കണമെന്ന് കളക്ടര്‍ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മതിയായ യോഗ്യത ഇല്ലാത്തവരേയും മുന്‍വര്‍ഷങ്ങളില്‍ കലോല്‍സവ വേദിയില്‍ നിന്ന് ഏതെങ്കിലും കാരണത്താല്‍ ഒഴിവാക്കിയവരേയും വിധി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
കലോത്സവത്തിലെ വിധികര്‍ത്താക്കളെ നിശ്ചയിച്ചതിലുള്പ്പുടെ ക്രമക്കേടുകളില്‍ നടപടി ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തകര്‍ ഇന്നലെ ഡിഡിഇയെ ഉപരോധിച്ചു. കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന സെന്റ്് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ ഓഫീസിലേക്കാണു കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഡിഡിഇയെ ഉപരോധിച്ചത്. തുടര്‍ന്നാണ് രണ്ട് മത്സര ഇനങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനമായത്.
പരാതികളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ഡിഡിഇയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്നലെ നഗരസഭ ഓഫീസില്‍ ചേര്‍ന്നു. കലോത്സവത്തിലെ ചിലയിനങ്ങളില്‍ സമ്മാനങ്ങള്‍ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെന്നു കോതമംഗലം നരസഭ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനൂപ് ഇട്ടന്‍ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഡിഡിഇയെ ഉപരോധിക്കാനെത്തിയത്.
പെണ്‍കുട്ടികളുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടം, ഹൈസ്കൂള്‍ വിഭാഗം കുച്ചിപ്പുടി എന്നീ മത്സരങ്ങളുടെ ഫലങ്ങളാണു മുന്‍കൂട്ടി സമ്മാനം നിശ്ചയിച്ചുവെന്ന ആരോപണത്തെത്തുടര്ന്നു റദ്ദാക്കിയത്. ഈ മത്സരങ്ങള്‍ നാളെ വീണ്ടും നടക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കലോത്സവത്തില്‍ വിജിലന്‍സിന്റെ രഹസ്യ നിരീക്ഷണമുണ്ടാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയിലും വിധികര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും പരിശീലകരും സംഘാടകരെ സമീപിച്ചിരുന്നു. ചില വേദികളില്‍ ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.