കുവൈത്ത്: കുവൈത്തില്‍ ഒരു രാജകുടുംബാംഗവും മൂന്നു സ്ത്രീകളുമടക്കം ഏഴു പേരെ തൂക്കിലേറ്റി. ഇതില്‍ സ്വദേശിയായ ഒരു വനിതയും ഫിലിപ്പീന്‍സ്, എത്യോപ്യന്‍ സ്വദേശിനിയുമായ രണ്ടു വനിതകളും ഒരു ബംഗ്ലാദേശ് സ്വദേശിയും രണ്ട് ഈജിപ്ഷ്യന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. മുന്‍ അമീറിന്‍െറ കൊച്ചുമകനെ വെടിവെച്ചുകൊന്ന കേസിലാണ് രാജകുടുംബാംഗത്തെ തൂക്കിലേറ്റിയത് . മരുമകനായ ശൈഖ് ബാസില്‍ സാലിം സബാഹ് അല്‍ സലിം അല്‍ സലബിനെ കൊലപ്പെടുത്തിയ കേസിലാണ് ശൈഖ് ഫൈസല്‍ അല്‍ അബ്ദുല്ല അല്‍ സലബിനെ തൂക്കിലേറ്റിയത്. മറ്റു കേസുകളില്‍ ശിക്ഷക്കപ്പെട്ട മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരുടെ വധശിക്ഷയും ഇതോടൊപ്പം നടപ്പാക്കി. കൊലപാതക കുറ്റത്തിനാണ് ഏഴുപേരെയും തൂക്കിലേറ്റിയത്.
ഭര്‍ത്താവിന്‍െറ രണ്ടാം വിവാഹത്തിന് വിരുന്നൊരുക്കിയ പന്തലിന് തീയിട്ട് 2009ല്‍ 57പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയായ സ്വദേശി വനിത നസ്റ അല്‍ ഇനീസി, സ്പോണ്‍സറുടെ മകളെ ഉറങ്ങുന്നതിനിടെ വെട്ടിക്കൊന്ന വേലക്കാരിയായ ഫിലിപ്പീന്‍ സ്വദേശി ജകാത്തിയാ പാവ, സമാന കേസില്‍ ഇത്യോപ്യന്‍ സ്വദേശി അമാകീല്‍ ഒൗക്കോ മേക്കോനീന്‍, ഈജിപ്തു സ്വദേശികളായ സമീര്‍ അബ്ദുല്‍ മാജിദ്, സയ്യിദ് റാദി ജുമുഅ, ബംഗ്ളാദേശ് പൗരന്‍ മുഹമ്മദ് ഷാ സന്‍വാര്‍എന്നിവരാണ് തൂക്കിലേറ്റപ്പെട്ടത്.
ബുധനാഴ്ച രാവിലെ പത്തോടെ സെന്‍ട്രല്‍ ജയില്‍ അങ്കണത്തിലാണ് വിധി നടപ്പാക്കിയത്.വധശിക്ഷക്ക് വിധിക്കപ്പെട്ട ശൈഖ് ഫൈസല്‍ മിലിറ്ററി ഇന്‍റലിജന്‍സില്‍ ക്യാപ്റ്റനായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്നു കണ്ടത്തെിയ ഇവര്‍ക്ക് 2011ലാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. 2010 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസീലാ കൊട്ടാരത്തില്‍ ശൈഖ് ബാസിലിനെ കാണാനത്തെിയ ശൈഖ് ഫൈസല്‍ ഒറ്റക്കു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടു പേരും തുടര്‍ന്ന് യോഗവേദി വിട്ടു. പിന്നീട് വെടിയൊച്ച കേട്ടാണ് അതിഥികള്‍ ഓടിയത്തെിയത്.
വീല്‍ചെയറിലായിരുന്ന ശൈഖ് ബാസിലിനെ വെടിവക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഒൗദ്യോഗിക പിസ്റ്റള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ ഫൈസലിനെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുവൈത്തിലെ 12ാം അമീറായിരുന്ന സലബ് അല്‍ സലിം അല്‍ സലബിന്‍െറ കൊച്ചുമകനാണ് കൊല്ലപ്പെട്ട ശൈഖ് ബാസില്‍.