ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ അറിയിച്ചത്. 2015ല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയിലെത്തി, കൊച്ചിയിലും ഡല്‍ഹിയിലുമായി നടത്തിയ അഭിമുഖം വഴി തെരഞ്ഞെടുത്ത നഴ്‌സുമാര്‍ ദുരിതത്തിലായിരിക്കുന്നത്.
കേരളത്തില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദമായ സമയത്ത്, റിക്രൂട്ട്‌മെന്റ് നേടി കുവൈത്തിലെത്തിയ നഴ്‌സുമാരാണ് ഇവര്‍. കുവൈത്തിലെത്തി രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് അപ്പോയ്‌മെന്റ് ഓര്‍ഡറോ, ഇഖാമയോ ലഭിച്ചിട്ടില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ കാണാതായി എന്നാണ് അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം. പിന്നീട് ഇവരില്‍ 18 പേര്‍ക്ക് ഇഖാമ നല്‍കിയെങ്കിലും നിയമനം നല്‍കിയില്ല. ഈ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നാണ് വിശദീകരണം.
ഫര്‍വാനിയയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും, ഇഖാമയില്ലാത്തതതിനാല്‍ പുറത്തിറങ്ങാന്‍ ഇവര്‍ക്ക് സാധിക്കില്ല. അനധികൃത താമസക്കാരെന്ന് ആരോപിച്ച് ഏതു നിമിഷവും പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. ജോലിയും ശമ്പളവുമില്ലാത്തതിനാല്‍ നാട്ടില്‍ നിന്ന് പണം വരുത്തിയും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് ഇവര്‍ അവശ്യചെലവുകള്‍ നടത്തുന്നത്.
അതേസമയം 600 കുവൈത്ത് ദിനാര്‍ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത ഇവരെ 350 ദിനാര്‍ ശമ്പളത്തില്‍ കരാര്‍ ജീവനക്കാരായി നിയമിച്ച് പ്രശ്‌നം ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനിടെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ഞൂറു നഴ്‌സുമാരെ കൂടി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. എംബസി നല്‍കിയ പട്ടികയിലുള്ള 80 നഴ്‌സുമാര്‍ക്ക് ജോലി നല്‍കാമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി വാക്കാല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് പ്രശ്‌നം പരിഹരിച്ച്, ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഈ നഴ്‌സുമാര്‍. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും പരാതികള്‍ നല്‍കി.