കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ആരംഭിച്ചു. അനധികൃത താമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരമാണ് കുവൈത്ത് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 22 വരെയാണു പൊതുമാപ്പിന്‍റെ കാലാവധി. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. എന്നാല്‍ കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് പൊതുമാപ്പ് ബാധകമല്ല.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 22 ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവും. ഇവരെ പിടികൂടി നാടുകടത്തിയാല്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ച് വരാനും കഴിയില്ല. രാജ്യത്ത് ആറു വര്‍ഷത്തിനു ശേഷം ആദ്യാമയിട്ടാണ് പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.