ന്യൂഡല്‍ഹി: കേരളാ ഹൈകോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഒക്ടോബര്‍ 21ന് സുപ്രീകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എ.എം ഗാന്‍വില്‍ക്കര്‍, ജസ്റ്റിസ് ധനജ്ഞയ് ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലുള്ളത്.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം കേരള ഹൈകോടതി ഒത്തുതീര്‍പ്പാക്കേണ്ടതായിരുന്നു. ഹൈകോടതി പരിസരത്ത് നിലനില്‍ക്കുന്ന ശത്രുതാപരമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഫലവത്തായ മധ്യസ്ഥതയുടെ ആവശ്യമുണ്ട് എന്നും ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അഭിപ്രായപ്പെട്ടു.
മധ്യസ്ഥതക്ക് വേണ്ടി നിരവധി തവണ ശ്രമിച്ചിരുന്നുവെന്നും ഫലം കണ്ടില്ല എന്നും യൂനിയന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് 21ന് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചത്.
കേരള ഹൈകോടതിയിലെ മീഡിയ റൂം മാധ്യമപ്രവര്‍ത്തകര്‍ക്ക് തുറന്നുകിട്ടണമെന്നും കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതിനുള്ള നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യൂ.ജെ) സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ആഗസ്റ്റ് നാലിന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനും ഇതു സംബന്ധിച്ച നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടിയൊന്നുമുണ്ടായില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, ആക്ടിങ് ചീഫ് ജസ്റ്റിസ്്, അഡ്വക്കറ്റ് ജനറല്‍, ഹൈകോടതി രജിസ്ട്രാര്‍ തുടങ്ങിയവര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പിലായില്ല. കോടതി നടപടികളില്‍ മാധ്യമങ്ങളെ വിലക്കുന്നതു ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും പത്രപ്രവര്‍ത്തക യൂനിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം കോടതികളിലെ മാധ്യമവിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള പത്രം ഉടമകളും പത്രാധിപന്മാരും വൈകീട്ട് രാഷ്ട്രപതിയെ കണ്ടു.
മാധ്യമവിലക്കും സംബന്ധിച്ച് ഹൈകോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ വിശദാംശം തേടിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യുന്നതില്‍നിന്ന് വിലക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്ത്രീപീഡനക്കേസില്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്ന് ഹൈകോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂമുകള്‍ അടച്ചുപൂട്ടിയിരുന്നു.
നിലവില്‍ സംസ്ഥാനത്തെ കോടതികളിലെല്ലാം മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണുള്ളത്.