രാഷ്ട്രീയ ലേഖകൻ
കോട്ടയം: പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഒരു പ്രാതിനിധ്യവും നൽകാതെ പുറത്തിറക്കിയ കേരള കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ അടക്കം കേരള കോൺഗ്രസിന്റെ പതിനഞ്ചു സീറ്റിലും യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ റിബൽ സ്ഥാനാർഥികളുണ്ടാകുമെന്നും ഉറപ്പായി.
കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. പാലായിൽ പാർട്ടി ചെയർമാൻ കെ.എം മാണിയും, തൊടുപുഴയിൽ പി.ജെ ജോസഫും ചങ്ങനാശേരിയിൽ സി.എഫ് തോമസും, കോതമംഗലത്ത് ടി.യു കുരുവിളയും, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ റോഷി അഗസ്റ്റിനും, കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ ജയരാജും അടക്കമുള്ള എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ഉറപ്പായിട്ടുണ്ട്. ഇതിൽ കാഞ്ഞിരപ്പള്ളിയും തൊടുപുഴയും ഒഴികെയുള്ള എല്ലാ സീറ്റുകളും കേരള കോൺഗ്രസ് റിബൽ സ്ഥാനാർഥികളുണ്ടാകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. പാലായിൽ മുതിർന്ന കേരള കോൺഗ്രസ് നേതാവും മുൻ എംപിയുമായ വക്കച്ചൻമറ്റത്തിൽ റിബൽ സ്ഥാനാർഥിയാകാനാണ് സാധ്യത. ചങ്ങനാശേരിയിൽ ജോസ് മൈക്കിളും, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും റിബൽ ഭീഷണി ഉയർത്തി രംഗത്തിറങ്ങുന്നുണ്ട്.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ സുരേഷ്‌കുറുപ്പിനെതിരെ മത്സരിച്ചു പരാജയപ്പെട്ട തോമസ് ചാഴികാടനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ചാഴികാടനു സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ചാഴികാടനെതിരെ പ്രമുഖ വ്യവസായി ജിം അലക്‌സ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇവിടെ റിബൽ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന ജിമ്മിനു കേരള കോൺഗ്രസിൽ നിന്നു സീറ്റ് ലഭിക്കാതെ പോയ പ്രിൻസ് ലൂക്കോസിന്റെ ശക്തമായ പിൻതുണയുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. പൂഞ്ഞൂർ നിയോജക മണ്ഡലത്തിൽ ജോർജു കുട്ടി അഗസ്തിക്കെതിരെ സജി മഞ്ഞക്കടമ്പനെന്ന യൂത്ത് ഫ്രണ്ട് നേതാവ് തന്നെ റിബലായി രംഗത്തിറങ്ങിയിട്ടുണ്ട്. തിരുവല്ല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജോസഫ് എം.പുതുശേരിയെ നേരിടാൻ കിഴിഞ്ഞ തവണ പരാജയപ്പെട്ട വിക്ടർ ടി.തോമസ് രഹസ്യമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. സഭയുടെ പിൻതുണയാണ് ഇവിടെ വിക്ടറിനു ലഭിച്ചിരിക്കുന്നത്.