മാരാമൺ കൺവൻഷനിൽ സ്ത്രീകൾക്കു വിലക്ക്; പ്രതിഷേധവുമായി വിശ്വാസികൾ

സ്വന്തം ലേഖകൻ
റാന്നി: മാരാമൺ കൺവൻഷനിൽ പങ്കെടുക്കാൻ സ്ത്രീകൾക്കു വിലക്കുമായി സഭയിലെ ഒരു വിഭാഗം. മാരാമൺ കൺവെൻഷനിൽ രാത്രികാലങ്ങളിൽ സ്ത്രീകൾക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി യോഗങ്ങളിൽ സ്ത്രീ പ്രവേശനം വേണമെന്നാവശ്യപ്പെട്ട പ്രമേയം തടഞ്ഞതിൽ മാർത്തോമസഭയ്ക്ക് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികളും വനിതാ സംഘടനകളും
122ാം മാരാമൺ കൺവെൻഷൻ ഈ മാസം 12 മുതൽ 19 വരെ നടക്കാനിരിക്കെയാണ് സ്ത്രീകളുടെ വിലക്ക് വീണ്ടും വിവാദമാകുന്നത്. ഒരുക്കങ്ങൾ വിലയിരുത്താൻ ഇക്കഴിഞ്ഞ 27ന് ചേർന്ന് മാനേജിംഗ് കമ്മിറ്റി യോഗത്തിൽ വിലക്കിനെ ചൊല്ലി തർക്കമുണ്ടായി. വിലക്ക് പിൻവലിക്കണമെന്ന പ്രമേയം ചർച്ച ചെയ്യണമെന്ന ഒരു വിഭാഗത്തിന്റെ ശ്രമം സഭാ നേതൃത്വം ഇടപെട്ട് തടഞ്ഞു. പമ്പാനദിക്കരയിലെ കൺവെൻഷനിൽ രാത്രിയുള്ള വിലക്കിനു കാരണം സുരക്ഷാ പ്രശ്‌നമാണെന്നാണ് സഭയുടെ വിശദീകരണം. ചെറിയൊരു വിഭാഗത്തിന് മാത്രമാണ് എതിർപ്പെന്നും മാരാമൺ കൺവെൻഷൻ ജനറൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് ് പറഞ്ഞു
യോഗ പന്തലിന് പുറത്തു നിന്ന് സ്ത്രീകൾ പ്രസംഗങ്ങൾ കേട്ടിരിക്കാറുണ്ടെന്നും വിലക്ക് പിൻവലിക്കണമെന്നും  സ്ത്രീസംഘടനകളും ആവശ്യപ്പെടുന്നുണ്ട്. സ്ത്രീ വിലക്കിലെ തർക്കം മുറുകുമ്പോൾ കോടതി എന്ത് തീർപ്പ് പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Top