വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതിയെ യുവാവ് കൊലപെടുത്തി. ഹൈദരാബാദിലെ യദാഗിരിഗുട്ടയിലാണ് സംഭവം. ഗായത്രി എന്ന 22കാരിയാണ് കുത്തേറ്റു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ചു പോലിസ് പറയുന്നത് ഇങ്ങനെ:
ആറുമാസം മുന്പാണ് ശ്രീകാന്തും ഗായത്രിയും പരിചയപ്പെടുന്നത്. ഭോംഗിറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. കുറച്ചുനാളുകള്‍ക്കുശേഷം ഇയാള്‍ ഗായത്രിയോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ഗായത്രി ഇത് നിരസിച്ചു.
ഈ വിവരം ഗായത്രി മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മാതാപിതാക്കളും സമുദായാംഗങ്ങളും പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് ശ്രീകാന്തിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ ഇത് വിലയ്‌ക്കെടുത്തില്ല
അടുത്തിടെ മാതാപിതാക്കള്‍ ഗായത്രിയുടെ വിവാഹം ഉറപ്പിച്ചു. ഞായറാഴ്ചയാണ് വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച മാതാപിതാക്കള്‍ വീട്ടില്‍നിന്നു പുറത്തുപോയ സമയം വീട്ടിലെത്തിയ ശ്രീകാന്ത് ഗായത്രിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗായത്രിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടന്‍തന്നെ ഗായത്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനുകീഴടങ്ങി.
ഗായത്രിയെ കുത്തിയശേഷം ശ്രീകാന്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും പരിചയപ്പെട്ടു കുറച്ചുമാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ചുപോയതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു