ലക്നോ: ലഖിംപൂർ കർഷക കൊലപാതകം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം. കര്‍ഷക മാര്‍ച്ചിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ആസൂത്രിതവുമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279-ാം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കൊലപാതക ശ്രമത്തിനുള്ള സെഷന് 307, മാരകായുധങ്ങള്‍ പ്രയോഗിച്ചുള്ള അക്രമം (സെഷന് 326), ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു.
അതേസമയം, ആശിഷ് മിശ്ര ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് രണ്ട് ആഴ്ചത്തെ സമയം യുപി പൊലീസിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.