സിനിമാ ഡെസ്ക്
കൊച്ചി: മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾ തന്നെയാണ് മോഹൻലാലും മഞ്ജു വാര്യരും. അഭിനയത്തിന്റെ കാര്യത്തിലായാലും ആരാധകരുടെ കാര്യത്തിലായാലും രണ്ടു പേരും കട്ടയ്ക്കു നിൽക്കുന്നവർ. മഞ്ജുവിന്റെ മടങ്ങിവരവിൽ മോഹൽലാലുമായി ഒന്നിക്കുന്ന രണ്ടാം ചിത്രമായ വില്ലനിലെ ലൊക്കേഷനിൽ നിന്നാണ് അപൂർവ ചിത്രം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘വില്ലൻ’ ചിത്രത്തിലെ അവസാനരംഗങ്ങൾ വാഗമൺ പൈൻ മരക്കാടുകളിലും കൊച്ചിയിലെ ഒരു ബീച്ചിലുമായാണ് പുരോഗമിക്കുന്നത്. ചിത്രത്തിൽ മാത്യു മാഞ്ഞൂരനായി ലാലും ലാലിന്റെ ഭാര്യയായി മഞ്ജുവുമാണ് എത്തുന്നത്. ബീച്ചിലൂടെ നടന്നു പോകുന്ന ലാലിന്റെ കാലിൽ മഞ്ജു പിടിക്കുന്നതായുള്ള ചിത്രമാണ് ലൊക്കേഷനിൽ നിന്നും ചോർന്നിരിക്കുന്നത്. സംഭവം യഥാർഥത്തിൽ സിനിമയിലുണ്ടോ അതോ ഫോട്ടോഷോപ്പ് ടെക്നിക്ക് ആണോ എന്ന കാര്യത്തിൽ നിശ്ചയമില്ല.
വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. താടിയും മുടിയും നരപ്പിച്ച കഥാപാത്രമായും അല്ലാതെ മീശ മാത്രമുള്ളതായുമൊക്കെയുള്ള കഥാപാത്രങ്ങളുണ്ട്. മിസ്റ്റർ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വില്ലൻ. വിശാൽ, ഹൻസിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷ ഖന്ന തുടങ്ങി വൻ താരനിരകളും ചിത്രത്തിൽ അണിനിരക്കുന്നു. റോക്ലൈൻ വെങ്കിടേഷാണ് ചിത്രത്തിന്റെ നിർമ്മാണം. ഒപ്പം ഫ്രെയിം ഫോർ മ്യൂസിക് സംഗീതവും ഗോകുൽ ദാസ് കലാസംവിധാനവും പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നുണ്ട്.