ലളിത്‌ മോദി മാള്‍ട്ടയില്‍ !മോദിയെ ഇന്റര്‍പോള്‍ അറസ്‌റ്റുചെയ്‌തേക്കും

ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത്‌ മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി റിപ്പോര്‍ട്ട്‌. ഇന്റര്‍പോള്‍ മോദിയെ ഉടന്‍ അറസ്റ്റ്‌ ചെയ്‌തേക്കുമെന്നാണ്‌ വിവരം. ഒരു പ്രമുഖ ദേശീയ മാധ്യമമാണ്‌ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്‌. നേരത്തെ മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടിസ്‌ പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ്‌ ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടിസാണ്‌ റെഡ്‌ കോര്‍ണര്‍ നോട്ടിസ്‌.
മോദിയെ അറസ്റ്റ്‌ ചെയ്യുന്നതിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിന്‌ താല്‍ക്കാലിക ആശ്വാസമാകും. മോദിക്ക്‌ വിദേശത്തേക്ക്‌ പോകാന്‍ സഹായിച്ചുവെന്നതിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ആരോപണം നേരിടുകയാണ്‌. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമാണ്‌ ആരോപണം നേരിടുന്ന മന്ത്രിമാര്‍.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ (ഐപിഎല്‍) ആദ്യ ചെയര്‍മാനായ മോദിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന്‌ 2010-ല്‍ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന്‌ നീക്കിയിരുന്നു. തുടര്‍ന്ന്‌ മോദി ഇന്ത്യ വിട്ട്‌ വിദേശത്തേക്ക്‌ കടന്നു.

Top