ലാലുവിന്റെ ഇളയമകനോ മൂത്ത മകനോ മൂത്തത്: രാഷ്ട്രീയം തര്‍ക്കം തുടരുന്നു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ലാലുപ്രസാദ് യാദവിന്റെ മക്കളുടെ വയസ്സില്‍ വൈരുദ്ധ്യം. നാമനിര്‍ദേശ പത്രികയില്‍ സൂചിപ്പിച്ച വയസ്സു പ്രകാരം ലാലുവിന്റെ മൂത്ത മകനേക്കാള്‍ വയസ്സുണ്ട് ഇളയ മകന്.
മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് സമര്‍പ്പിച്ച രേഖയില്‍ 25 എന്നാണ് വയസ്സ് കാണിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ 26 ആണ് തേജ് പ്രതാപിന്റെ പ്രായം. ഇതോടെ ഈ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും ലാലുവിന്റെ ഇളയ മകന് മൂത്ത മകനേക്കാള്‍ പ്രായം കൂടുതലായിരിക്കും.
അതേസമയം ഇത് ഒരു ചെറിയ തെറ്റ് പറ്റിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ തെറ്റു തിരുത്താന്‍ സാധിക്കി െല്ലന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതിനിടെ തേജ്പ്രതാപ് യാദവ് തന്റെ ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചു. എന്നാല്‍ പ്രസംഗം ശ്രവിച്ചവരെ കൈയിലെടുക്കാന്‍ തേജ് പ്രതാപിന് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വേദികളില്‍ അധികം പരിചയമില്ലാത്തത് തന്നെ കാരണം. ഇളയ സഹോദരന്‍ തേജസ്വി, ലാലുപ്രസാദ് യാദവിനൊപ്പം രാഷ്ട്രീയ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂത്തവനേക്കാള്‍ ഇളയവനാണ് രാഷ്ട്രീയ പരിചയം കൂടുതല്‍.
അഞ്ച് മിനിറ്റ് മാത്രമാണ് തേജ് പ്രതാപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. അതില്‍ തന്നെ ഇടക്ക് ലാലു തേജ് പ്രതാപിന്റെ ചെവിയില്‍ മന്ത്രിക്കുന്നതും കാണാമായിരുന്നു. എന്നാല്‍ ലാലുവിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കണക്കാക്കുന്ന ഇളയമകന്‍ തട്ടും തടവുമില്ലാതെ 30 മിനിറ്റ് നേരം പൊതുയോഗത്തില്‍ സംസാരിച്ചു.
തേജ് പ്രതാപ് യാദവ് മാഹുവ നിയമസഭാ മണ്ഡലത്തില്‍ നിന്നും തേജസ്വി പ്രതാപ് യാദവ് രാഘോപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ലാലുവിന്റെ ഒമ്പത് മക്കളില്‍ മൂന്നുപേരാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. സഹോദരന്‍മാരെ കൂടാതെ സഹോദരിയായ മിഷാ ഭാരതിയും രാഷ്ട്രീയത്തില്‍ സജീവമാണ്.

Top