റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും മുഖ്യപ്രതിയായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി. അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചു. ഈ മാസം 18ന് ശിക്ഷ വിധിക്കും. തെളിവില്ലാത്തതിനാല്‍ കേസില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ 24 പേരെ വെറുതെ വിട്ടു.
ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടത്തിയത്. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആദ്യത്തെ നാല് കേസുകളില്‍ തടവ് ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു.
2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 33 കേസുകളാണ് സി.ബി.ഐ. 1996ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.