ആര്‍ജെഡിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ തിരിച്ചടിച്ച് ലാലു പ്രസാദ് യാദവിന്‍റെ വാര്‍ത്താ സമ്മേളനം. നീതീഷിനെതിരെ കൊലപാതകക്കേസ് ഉള്‍പ്പെടെ ഉണ്ടെങ്കിലും തങ്ങള്‍ അതൊന്നും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ലാലു പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2009ലെ കൊലപാതകക്കേസില്‍ പ്രതിയാണ് നിതീഷ്. കൊലപാതകക്കേസിന്‍റെ ചില രേഖകളും മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. മരിച്ചാലും ബിജെപി പക്ഷത്തേക്ക് പോകില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ അതിന് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ സംസാരിച്ചിട്ടും രാജിക്കാര്യം സൂചിപ്പിച്ചിരുന്നില്ല.
ബീഹാറില്‍ ജെഡിയു- ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിനായുള്ള ശ്രമം തുടരും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ല. ബിജെപിയുമായി
ചേര്‍ന്നുള്ള ഭരണം തടയും. ആര്‍എസ്എസ് മുക്ത ഇന്ത്യയാണ് തനിക്കാവശ്യമെന്ന് നിതീഷ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൈകളിലാണ്. നിതീഷ് രാജിവച്ചതിനു പിന്നാലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചത് ദുരൂഹമാണ്.
ആയുധ നിയമത്തിന്‍റെ കീഴില്‍ നിതീഷിനെതിരെ കേസുണ്ട്. എന്നിട്ടും നിതീഷ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു. അഴിമതിയെക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നിതീഷ് കുമാറിനുമേലുണ്ട്. തേജസ്വി യാദവിനെതിരായ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും ലാലു പ്രസാദ് ആരോപിച്ചു.