ദില്ലി: ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പരിധിയിലേക്കു 13 കേന്ദ്ര നിയമങ്ങളെക്കൂടി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം മറികടന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പാര്‍ലമെന്റിനെ അവഹേളിക്കലാണെന്ന ആക്ഷേപമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സിന്റെ കാലാവധി നാളെ അവസാനിക്കും.
ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ല് പാസാക്കല്‍ സര്‍ക്കാരിനു വെല്ലുവിളിയായി മാറുന്നതിനിടെയാണ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന 2013ലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പരിധിയിലേക്ക് 13 നിയമങ്ങള്‍ക്കൂടെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. പ്രത്യക ഉത്തരവിറക്കിയാണു നിയമങ്ങള്‍ ബില്ലിന്റെ പരിധിയിലേക്കു കൊണ്ടുവരുന്നത്.
ദേശീയ പാത നിയമം, മെട്രോ റെയില്‍വേ നിര്‍മാണ നിയമം, പെട്രോളിയം, ഗ്യാസ് പൈപ്പ് ലൈനിനായുള്ള ഭൂമിയേറ്റെടുക്കല്‍ നിയമം, പൗരാണിക മന്ദിരങ്ങള്‍ നില നിര്‍ത്തുന്ന നിയമം, ആണാവായുധ നിയമം, ഖനിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്ന നിയമം തുടങ്ങി 13 കേന്ദ്ര നിയമങ്ങളാണ് ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തിയത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ നഷ്ടപരിഹാരം, പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇതുവഴി കഴിയും.
ഈ നിയമങ്ങള്‍ 2013 ലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നു വിവിധ കോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. പ്രത്യേക ഉത്തരവിലൂടെ നിയമങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
നിലവില്‍ ഭൂമി ഏറ്റെടുക്കാല്‍ ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ പരിഗണനയിലാണ്. പുതിയ നിയമങ്ങളെ ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കുമെന്നാണു സൂചനകള്‍.